30 May Saturday

കോവിഡ് 19 വ്യാജ മരുന്നുമായി വീട്ടമ്മയെ കബളിപ്പിച്ചു

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
നാദാപുരം 
കോവിഡിനെ പ്രതിരോധിക്കുമെന്നു പറഞ്ഞ് മള്‍ട്ടിലെവൽ മാര്‍ക്കറ്റിങ്‌ കമ്പനിയുടെ ഉൽപ്പന്നം നൽകി യുവാവ്‌ പ്രായമായ വീട്ടമ്മയെ കബളിപ്പിച്ചു. ഇയാളെയും കമ്പനി ഏജന്റിനെയും നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചു. എന്നാൽ, വീട്ടമ്മക്ക്‌ പരാതിയില്ലാത്തതിനാൽ യുവാക്കളെ കേസെടുക്കാതെ വിട്ടയച്ചു. 
പാറക്കടവ് മുടവന്തേരിയില്ലാണ് സംഭവം. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശിയായ യുവാവാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.  പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും ബ്രഡ്ഡില്‍ പുരട്ടി കഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കുമെന്നും പറഞ്ഞാണ്‌ വീട്ടമ്മക്ക്‌ ഉൽപ്പന്നം നൽകിയത്‌. 
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ യുവാവ് നൽകിയ ഫോണ്‍ നമ്പറില്‍ വിളിച്ച്‌ കൂടുതൽ ബോട്ടില്‍ ‘മരുന്ന്’ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് സാധനവുമായി മുടവന്തേരിയിലെ വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് നാദാപുരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മള്‍ട്ടിലെവൽ മാര്‍ക്കറ്റിങ്‌ കമ്പനിയുടെ മേഖലയിലെ ഏജന്റിനെയും നാട്ടുകാര്‍ സ്ഥലത്തെത്തിച്ച് പൊലീസിന് കൈമാറി. 
നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസെത്തി ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഒരു ബോട്ടില്‍ മരുന്ന്‌ 1300  രൂപയ്ക്കാണ്  വീട്ടമ്മക്ക്‌ നല്‍കിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top