25 May Monday

കാണാതായ വയോധികന്റെ മരണം കൊലപാതകം; സുഹൃത്ത്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 ഫറോക്ക്

ഒളവണ്ണ കോഴിക്കോടൻ കുന്നിൽ കുഴിയിൽ കണ്ടെത്തിയ മൃതദേഹം ഒളവണ്ണയിൽനിന്ന്‌ കാണാതായ ഷബീർ ഖാൻ എന്ന വയോധികന്റേത്.  കൊല്ലപ്പെട്ടയാളുടെ അടുത്ത സുഹൃത്തായ ഒളവണ്ണ  കിഴക്കുവീട്ടിൽ കെ വി ഹരീഷ് (45) അറസ്‌റ്റിൽ. ചെറുവണ്ണൂർ- നല്ലളം ഇൻസ്പെക്ടർ എം കെ സുരേഷ്‌കുമാർ, എസ്ഐ എം കെ രഞ്‌ജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ ഷബീർഖാന്റെ  മരണം കൊലപാതകമാണെന്ന്‌ തെളിഞ്ഞത്‌.  പ്രതിയെ റിമാൻഡ്‌ ചെയ്‌തു. 
       കഴിഞ്ഞ 22 നാണ് ഒളവണ്ണ ഷാജ്മഹലിൽ ഷബീർ ഖാനെ വീട്ടിൽനിന്ന്‌ കാണാതായത്. 28ന് മകൻ പൊലീസിൽ പരാതി നൽകി. 30ന് സമീപപ്രദേശമായ കോഴിക്കോടൻ കുന്നിലെ അഞ്ചു മീറ്ററോളം താഴ്ചയുള്ള കുഴിയിൽ ചീഞ്ഞളിഞ്ഞ് തിരിച്ചറിയാത്ത വിധത്തിൽ  മൃതദേഹം കണ്ടെത്തി.മൃതദേഹത്തിനരികിൽനിന്ന്‌ ലഭിച്ച മൊബൈൽ ഫോൺ, വാച്ച് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഹരീഷിനെ സംശയിച്ചിരുന്നു. അതേസമയം ഷബീർഖാന് വിദേശത്തുള്ള മകൻ വാങ്ങി നൽകിയ  പുതിയ ഫോൺ ലഭിച്ചിരുന്നില്ല. ഈ ഫോൺ ഗൾഫ് ബസാറിൽ വിറ്റശേഷം ഒരു സ്ത്രീ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഫോൺ വിറ്റത്‌ പ്രതി ഹരീഷാണെന്ന് തെളിഞ്ഞു. തുടർന്നുള്ള വിശദമായ ചോദ്യംചെയ്യലിൽ  പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഹരീഷിന്‌ ഷബീർഖാനുമായി നിരന്തരം സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. എഎസ്ഐ ടി പി ലാലു, എസ്‌സിപിഒ പി എം സജിത്കുമാർ, സിപിഒ മാരായ പി സജുകുമാർ, എസ് ശരത്ത്, സി രഞ്ജിത്ത് എന്നിവരുൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top