30 May Saturday

എഫ്‌സിഐ തിക്കോടി ഡിപ്പോയിൽ ഉദ്യോഗസ്ഥ തർക്കം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

പയ്യോളി 
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തിക്കോടി ഡിപ്പോയിൽ സിവിൽ സപ്ലൈസ് ഓഫീസർമാരും എഫ്സിഐ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ തർക്കം. കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള അരി എടുക്കുന്നത് സംബന്ധിച്ചാണ് വാക്കേറ്റം. 
 വെള്ളിയാഴ്ച പകൽ11ന് ആരംഭിച്ച തർക്കം ഉച്ചയോളം നീണ്ടു. തിക്കോടി എഫ്സിഐയിൽ ആവശ്യത്തിലധികം ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ടായിട്ടും വിട്ടുനൽകില്ലെന്ന നിലപാടാണ് എഫ്സിഐ ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. വടകര താലൂക്കിലേക്ക് കിട്ടേണ്ട 64 ലോഡിന്റെ സ്ഥാനത്ത് 20 ലോഡും 72 ലോഡ് കിട്ടേണ്ട കൊയിലാണ്ടി താലൂക്കിന് 16 ലോഡും മാത്രമാണ് വിട്ടുനൽകിയത്.
  കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ കൂടുതൽ അരി നൽകണമെന്ന ആവശ്യത്തോടാണ് എഫ്സിഐ അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്. 
ഗോഡൗണിൽ 2016 മുതലുള്ള ഭക്ഷ്യധാന്യങ്ങളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. ഗോഡൗണിനുള്ളിൽ ജീർണിച്ച് നശിച്ച ഭക്ഷ്യധാന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതായി മുമ്പ്‌ കണ്ടെത്തിയിരുന്നു.
 ഭക്ഷ്യധാന്യങ്ങൾ ജീർണിച്ചതാണോ എന്ന് സിവിൽ സപ്ലൈസ്‌ ഓഫീസർമാർ പരിശോധിച്ചതാണ് എഫ്സിഐ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതെന്നാണ്‌ വിവരം.
 സംസ്ഥാന സർക്കാർ എഫ്സിഐയിൽ നിന്നെടുക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് കൃത്യമായി പണമടയ്‌ക്കാറുണ്ടെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top