തലക്കുളത്തൂർ
മയക്കുമരുന്ന് വിൽപ്പന ചോദ്യംചെയ്തതിന് ലഹരി മാഫിയ വീട് തകർത്തു. അക്രമത്തിൽ സ്ത്രീകൾ ഉൾപ്പെടെ 7 പേർക്ക് പരിക്ക്. തലക്കുളത്തൂർ കച്ചേരി ചിറവളപ്പിൽ വയലിന് സമീപത്തെ മണൽ കണ്ടത്തിൽ ശ്രീധരന്റെ(50) വീട്ടിലാണ് അക്രമം നടന്നത്. ശ്രീധരന്റെ ഭാര്യ നീതു (39), മകൾ, അയൽവാസികളായ ചമ്മണ കുനിയിൽ അശോകൻ (60), ഭാര്യ മല്ലിക (50), മകൻ സുബിൻ (27), ചമ്മണകുനിയിൽ പ്രദീപൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുസമീപത്തെ വയൽ കേന്ദ്രീകരിച്ച് കഞ്ചാവ് വലിയും വിൽപ്പനയും ശ്രീധരൻ നേരത്തെ ചോദ്യംചെയ്തിരുന്നു. ബൈക്കിൽ അങ്ങാടിയിലേക്ക് പോവുന്നതിനിടയിൽ അക്രമിസംഘത്തിൽപ്പെട്ടയാൾ ശ്രീധരനെ തടഞ്ഞുനിർത്തി ബൈക്കിന് കേടുവരുത്തുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ശ്രീധരൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്വൈത് ബാബു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് അടിച്ചുതകർത്തത്. വാതിലിന്റെ ഗ്ലാസ് ചില്ലുകൾ തകർന്നു. ബഹളം കേട്ട് ഓടിയെത്തിയപ്പോൾ അയൽവാസിയെയും മർദിച്ചു. എലത്തൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..