21 February Thursday

‘വി ടി മുരളി പാട്ടിന്റെ അമ്പതാണ്ട്‌’ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019
വടകര
എഫാസ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ച വി ടി മുരളിയുടെ പാട്ടിന്റെ അമ്പതാണ്ട്‌ ‘നീപാടും പൂമരം’ സാംസ്‌കാരിക പരിപാടി സമാപിച്ചു. ഞായറാഴ്‌ച ടൗൺഹാളിൽ വിവിധ വിഷയങ്ങളിൽ സെമിനാർ നടന്നു.  ‘പാട്ടിന്റെ വഴികളിൽ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ പാട്ടെഴുത്തുകാരൻ രവിമേനോൻ ഉദ്‌ഘാടനം ചെയ്‌തു. ആയിരക്കണക്കിന്‌ പാട്ടുകൾ പാടണമെന്നില്ല, പ്രേക്ഷക ഹൃദയത്തിൽ തൊടുന്ന പാട്ടുകൾ പാടുമ്പോഴാണ്‌ ഒരു ഗായകൻ ശ്രദ്ധേയനാവുന്നതെന്ന്‌ രവിമേനോൻ പറഞ്ഞു. കാലത്തെ അതിജീവിക്കുന്ന പാട്ടുകൾ പാടിയ ഗായകനാണ്‌ വി ടി മുരളിയെന്നും അദ്ദേഹം പറഞ്ഞു.  പാട്ടുകളിൽ സാമൂഹ്യ വീക്ഷണം ഉൾക്കൊള്ളുന്ന സംഗീതം രൂപപ്പെടുത്തുന്നതിൽ വി ടി മുരളിക്ക്‌ വേറിട്ട സിദ്ധിയുണ്ടെന്ന്‌ സംഗീത നിരൂപകൻ എം ഡി മനോജ്‌ അഭിപ്രായപ്പെട്ടു. സവർണ മണ്ഡലത്തിൽ ഒതുങ്ങിയ സംഗീതത്തെ സാമൂഹ്യതലങ്ങളുമായി വിളക്കിച്ചേർക്കാൻ മുരളിയുടെ സംഗീതത്തിനും ആലാപനത്തിനും കഴിഞ്ഞുവെന്നും, രാഗങ്ങളെ പൂർണമായി പിന്തുടരുന്നതോടൊപ്പം രാഗങ്ങളുടെ ആശയങ്ങളും പിന്തുടരാനാണ്‌ മുരളി എപ്പോഴും ശ്രമിക്കുന്നതെന്നും സി എസ്‌ മീനാക്ഷിയും പറഞ്ഞു. 
  ഇ ജയകൃഷ്‌ണൻ അധ്യക്ഷനായി.  കാനപ്പള്ളി ബാലകൃഷ്‌ണൻ സ്വാഗതവും യൂനുസ്‌ വളപ്പിൽ നന്ദിയും പറഞ്ഞു. 
പകൽ രണ്ടിന്‌ നടന്ന സുഹൃത്ത്‌ സംഗമം കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്‌തു. സംഗീതത്തെപ്പോലെ സ്‌നേഹം ആവിഷ്‌കരിക്കാൻ മറ്റൊരു രൂപവും ഇല്ലെന്ന്‌ കരിവെള്ളൂർ മുരളി പറഞ്ഞു. ഓത്തുപള്ളി എന്ന പാട്ട്‌ ജാതിമത ഭേദങ്ങൾക്കപ്പുറം മനുഷ്യന്റെ വൈകാരിക അനുഭവമാണ്‌ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ടി വി ബാലൻ അധ്യക്ഷനായി. എം കുഞ്ഞിമൂസ, സി പി അബൂബക്കർ, ഡോ. എ കെ രാജൻ, പി കെ ഗോപി, കൃഷ്‌ണകുമാർ, എ രത്നാകരൻ,
 പ്രേം കുമാർ വടകര, എം എം സോമശേഖരൻ, വി കെ പ്രഭാകരൻ, പി ഹരീന്ദ്രനാഥ്‌, മഹേഷ്‌ മംഗലാട്‌, ഇ വി വത്സൻ, സി സി രാജൻ എന്നിവർ സംസാരിച്ചു.  വത്സകുമാർ കുട്ടോത്ത്‌ സ്വാഗതവും മണലിൽ മോഹനൻ നന്ദിയും പറഞ്ഞു. 
‘വംശീയ സംഗീതം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ  രാഘവൻ കീച്ചേരി ഉദ്‌ഘാടനം ചെയ്‌തു. ഡോ. കെ എം ഭരതൻ അധ്യക്ഷനായി. ഡോ. പ്രശാന്ത്‌കൃഷ്‌ണൻ സംസാരിച്ചു.  വള്ളിവനം വാസു സ്വാഗതവും കെ ബാലൻ  നന്ദിയും പറഞ്ഞു.  
             സമാപന സമ്മേളനം പ്രശസ്‌ത ഇടക്കവാദകൻ കൃഷ്‌ണകുമാർ ഇടക്ക വായിച്ച്‌ ആരംഭിച്ചു.   സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.     നഗരസഭാ ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷനായി.   ടി രാജൻ വി ടി മുരളിയെ പരിചയപ്പെടുത്തി.   
വി ടി മുരളിയുടെ ‘വാക്കുകൾ പാടും നദിയോരം’ എന്ന പുസ്‌തകം പാലേരി രമേശന്‌ നൽകി കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്‌തു.   സിനിമാ നടൻ മാമുക്കോയ മുഖ്യാതിഥിയായി.  
ഡോ. എം കെ മുനീർ, വി ആർ സുധീഷ്‌, കൽപ്പറ്റ നാരായണൻ, പാലേരി രമേശൻ എന്നിവർ സംസാരിച്ചു. ടി വി എ ജലീൽ സ്വാഗതവും    വിനോദ്‌ അറക്കിലാട്‌ നന്ദിയും പറഞ്ഞു.  തുടർന്ന്‌  കെപിഎസിയുടെ ‘മഹാകവി കാളിദാസൻ’ എന്ന നാടകവും അരങ്ങേറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top