20 November Wednesday

നീതിയുടെ കരങ്ങളിൽ സാന്ത്വനത്തിന്റെ ത്രാസ്‌

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

 

 
രാമനാട്ടുകര  
പ്രളയം കവർന്ന വീടിന് പകരം സുബൈദയ്ക്കും കുടുംബത്തിനും ജില്ലയിലെ ന്യായാധിപരും കോടതി ജീവനക്കാരും വീടൊരുക്കുന്നു. രാമനാട്ടുകര നഗരസഭയിലെ പരുത്തിപ്പാറ കൂർത്തട്ടിൽ സുബൈദയ്ക്കാണ് പുതിയ വീട് നിർമിക്കുന്നത്. നാടിനെ മുക്കിയ പ്രളയത്തിൽ സുബൈദയുടെ മൺകൂര തകർന്നുവീണിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ പോകാനിടമില്ലാത്തതിനാൽ നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഇടപെട്ട് വാടകവീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
ജില്ലയിലെ ന്യായാധിപരും കോടതി ജീവനക്കാരും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് ഭവനനിർമാണത്തിന് വിനിയോഗിക്കാൻ തീരുമാനിക്കുകയും യോഗ്യരായവരെ നിർദേശിക്കാൻ  കലക്ടറോട് ആവശ്യപ്പെടുകയുമായിരുന്നു. കലക്ടർ നൽകിയ പട്ടികയിൽനിന്നാണ് ലീഗൽ സർവീസസ് അതോറിറ്റി അംഗങ്ങൾ അന്വേഷണം നടത്തി സുബൈദയെ തെരഞ്ഞെടുത്തത്. സുബൈദയുടെ നാലു മക്കളിൽ രണ്ടുപേർ മനോവൈകല്യമുള്ളവരാണ്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് മാസത്തിനകം പണി പൂർത്തിയാക്കും.
ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി ചിദംബരേഷ് വീടിന് തറക്കല്ലിട്ടു. വാഴയിൽ ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ജഡ്‌ജി എം ആർ അനിത, എഡിഎം റോഷ്നി നാരായണൻ, കെൽസ മെമ്പർ സെക്രട്ടറി നിസാർ അഹമ്മദ്, വഖഫ് ട്രിബ്യൂണൽ ചെയർമാൻ കെ സോമൻ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ ജി സതീഷ് കുമാർ, ഡിഎൽഎസ്എസ്എ സെക്രട്ടറി എ വി ഉണ്ണികൃഷ്ണൻ, ഗവ. പ്ലീഡർ കെ എൻ ജയകുമാർ, കോഴിക്കോട്, വടകര ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ. ശ്യാംജിത്ത്, അഡ്വ. രാംദാസ്, നഗരസഭാ ഉപാധ്യക്ഷ പി കെ സജ്ന, സ്ഥിരം സമിതി അധ്യക്ഷരായ കെ ജമീല, കെ ബീന പ്രഭ, എം കെ ഗീത, പി നദീറ, അഡ്വ. എം രാജൻ, പ്രേമൻ പറന്നാട്ടിൽ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top