20 November Wednesday

തൊഴിൽ നിഷേധം കുറിച്യർമല സത്യഗ്രഹം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

കൽപ്പറ്റ
മാനേജ്‌മെന്റിന്റെ  തൊഴിൽ നിഷേധ നടപടിയിൽ പ്രതിഷേധിച്ച്‌  കുറിച്യർമല എസ്‌റ്റേറ്റ്‌ തൊഴിലാളികൾ നടത്തുന്ന റിലേ സത്യഗ്രഹം പത്താം ദിവസത്തിലേക്ക്‌. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ്‌ സത്യാഗ്രഹം. എസ്‌റ്റേറ്റ്‌ ഉടമയും എംപിയുമായ  പി വി അബ്ദുൾവഹാബിന്റെ എസ്‌റ്റേറ്റിൽ കഴിഞ്ഞ ഒരുമാസത്തിലധികമായി തൊഴിലാളികൾക്ക്‌ തൊഴിൽ നിഷേധിച്ചിരിക്കുകയാണ്‌. തുടർന്ന്‌ തൊഴിലെടുത്ത്‌ തൊഴിലാകൾ പ്രതിഷേധിച്ചെങ്കിലും മാനേജ്‌മെന്റ്‌ നിഷേധാത്മകസമീപനം തുടരുകയായിരുന്നു.  തൊഴിൽ വകുപ്പ്‌ വിളിച്ച ചർച്ചകളിൽ പോലും മാനേജ്‌മെന്റ്‌ പ്രതിനിധികൾ പങ്കെടുത്തില്ല.   ഉടമയുടെ  കാക്കവയലിലുള്ള സ്ഥാപനത്തിലേക്ക്‌ മാർച്ച്‌ നടത്തിയതിനെ തുടർന്ന്‌ നടന്ന ചർച്ചയിൽ   പങ്കെടുത്ത മാനേജ്‌മെന്റ്‌  തൊഴിൽ നൽകാൻ തീരുമാനിച്ചെങ്കിലും തീരുമാനം നടപ്പാക്കിയില്ല. ഇതോടെയാണ്‌ 11മുതൽ   തൊഴിലാളികൾ പൊഴുതനയിൽ  റിലേ സത്യഗ്രഹം ആരംഭിച്ചത്‌.  16ന്‌  ഉടമയുടെ നിലമ്പൂരിലെ വീട്ടിലേക്കും  മാർച്ച്‌ നടത്തി.  21ന്‌ ജോയിന്റ്‌ ലേബർ കമുഷണറുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സമരം ശക്തമാക്കാനാണ്‌ യൂണിയൻ തീരുമാനം.     ശനിയാഴ്‌ചത്തെ സത്യഗ്രഹം എൻ സി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു.  കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷനായി. സി എച്ച്‌ മമ്മി, സി വിമല, ഐ സി മമ്മി, ഗഫൂർ എന്നിവർ സംസാരിച്ചു. കെ വി ബാബു സ്വാഗതവും  കെ എം റഹ്‌മാൻ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top