25 August Sunday

രോഗങ്ങൾ കീഴടക്കിയ സഫ്‌വാന് തുണയായി ജനമൈത്രി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
നാദാപുരം 
ജന്മനാ രോഗങ്ങൾ കീഴടക്കിയ സഫ്‌വാന് തുണയായി നാദാപുരം ജനമൈത്രി പൊലീസ് എത്തി. ഇരിങ്ങണ്ണൂർ കായപ്പനിച്ചിയിലെ പുതുക്കൂൽ താഴക്കുനി ഫിർദൗസിന്റെയും ലുബിനയുടെയും 10 വയസ് പ്രായമായ സഫ്‌വാനാണ് രോഗങ്ങളാൽ വലയുന്നത‌്. 
തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്‌ ജനിച്ചപ്പോൾ തന്നെ മൂത്ര തടസം നേരിട്ടതാണ് അസുഖങ്ങളുടെ തുടക്കം. ജനിച്ച് ദിവസങ്ങൾക്ക് ശേഷം അപസ്മാര രോഗം പിടിപെട്ട് ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തോളമായി കുടുംബം കുഞ്ഞുമായി ആശുപത്രികൾ കയറിയിറങ്ങുകയാണ്‌. 
അഞ്ച് വയസിൽ സഫ്‌വാനെ സ്കൂളിൽ ചേർത്തെങ്കിലും സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയിലായി. ഏഴ് വയസായതോടെ അന്തരീക്ഷ ഊഷ്മാവ് സഹിക്കാൻ കഴിയാതെ തളർന്ന് വീഴുന്ന രോഗവും പിടിപെട്ടു. ബേക്കറി തൊഴിലാളിയായ ഫിർദൗസ് ജോലി ചെയ‌്തുകിട്ടുന്ന വരുമാനം മകന്റെ ചികിത്സക്ക് തികയാത്ത അവസ്ഥയായി. 
ഇതിനിടെയാണ‌് നാദാപുരം ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർമാരായ എം പി സുധീഷും പി സന്തോഷും വിവര ശേഖരണത്തിനായി കായപ്പനിച്ചിയിലെ വീടുകൾ സന്ദർശിക്കാനെത്തിയത‌്. വീട്ടിൽനിന്ന‌് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ സഫ്‌വാൻ തളർന്ന് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ഉമ്മ നനഞ്ഞ തോർത്ത് ഉപയോഗിച്ച് പുതപ്പിക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കുട്ടിയുടെ അസുഖ വിവരങ്ങൾ അറിയുന്നത്. 
തുടർന്ന‌് ബീറ്റ് ഓഫീസർമാർ റൂറൽ ജില്ലാ ജനമൈത്രി നോഡൽ ഓഫീസറായ നർകോട്ടിക് ഡിവൈഎ‌സ‌്പി അശ്വകുമാറിനെ വിവരം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ കുട്ടിക്ക‌് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നാദാപുരം എസ്ഐ എൻ  പ്രജീഷിന്  നിർദേശം നൽകുകയും ചെയ്തു. എസ്ഐയും സംഘവും സഫ്‌വാന്റെ വീട്ടിലെത്തി അസുഖ വിവരങ്ങൾ ചോദിച്ചറിയുകയും ചൂട‌് സഹിക്കാൻ കഴിയാത്ത സഫ്‌വാന് വീട്ടിൽ എയർ കണ്ടീഷണർ സ്ഥാപിക്കാനും തീരുമാനിച്ചു. 
വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അടുത്തദിവസം തന്നെ വീട്ടിൽ എയർകണ്ടീഷണർ സ്ഥാപിക്കാനാണ് നാദാപുരം പൊലീസിന്റെയും ജനമൈത്രി പൊലീസിന്റെയും തീരുമാനം.
പ്രധാന വാർത്തകൾ
 Top