04 August Wednesday

തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോട്

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
കോഴിക്കോട്‌
ലോക്ഡൗണിനെ തുടർന്ന്  തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ മുഴുവൻ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണനേതൃത്വം ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന ക്യാമ്പസ് 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 
ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് പദ്ധതിയുടെ പ്രധാനകേന്ദ്രം സജ്ജമാക്കിയതെന്ന്‌ കലക്ടർ സാംബശിവ റാവു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും.
ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്‌ താൽക്കാലിക ക്യാമ്പുകൾ ഒരുക്കിയത്‌. ഇതുവ‌രെ 1400ൽ അധികം ആളുകളെ പുനരധിവസിപ്പിച്ചു. ഇതിൽ 400ഓളം പേരെ വെള്ളിമാടുകുന്ന്, മാങ്കാവ്, ഈസ്റ്റ്ഹിൽ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പാർപ്പിച്ചിരിക്കുന്നത്. മെയിൻ ക്യാമ്പസിൽ 150പേരെ വരെ പുനരധിവസിപ്പിക്കാൻ കഴിയും. ജില്ലയിൽ ഇനി തെരുവുകളിൽ കഴിയുന്നവർ  ഉണ്ടാകരുതെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്‌പ്പാണ് ഉദയം പദ്ധതിയെന്ന് കലക്ടർ പറഞ്ഞു.
ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് അന്തേവാസികൾക്ക് മാനസിക പരിചരണം നൽകുന്നത്.  ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും സുമനസ്സുകളുടെയും സഹകരണത്തിലാണ് വസ്ത്രവും ഭക്ഷണവും വൈദ്യസഹായവും നിത്യചെലവുകളും നിർവഹിക്കുന്നത്.   
 മുൻ എംഎൽഎ വി കെ സി മമ്മദ്കോയ ഒരു കോടിയും, ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് 50 ലക്ഷം അടക്കം സുമനസ്സുകളുടെ സഹായത്താൽ രണ്ടു കോടിയോളം രൂപ ചെലവിലാണ് ഉദയത്തിന്റെ നാലാം ഭവനമൊരുങ്ങിയത്. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ജോസഫ് റിബെല്ലോ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top