കോഴിക്കോട്
വഴിയോരക്കച്ചവടത്തൊഴിലാളി ഫെഡറേഷൻ ജൂൺ ഒന്നിന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന ജാഥ വെള്ളിയാഴ്ച ജില്ലയിൽ പര്യടനം നടത്തും.
ചില്ലറ വ്യാപാര രംഗത്തെ കുത്തകവൽക്കരണം നിയന്ത്രിക്കുക, വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണനിയമം ഗ്രാമങ്ങളിലും ലഭ്യമാക്കുക, തൊഴിലാളികളെ വിഭജിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കം തടയുക, ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന തൊഴിലാളികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക, ജീവിതോപാധി നഷ്ടമായവർക്ക് പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ജാഥയിൽ ഉയർത്തുന്നത്.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ നയിക്കുന്ന ജാഥ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ രാമചന്ദ്രൻ കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്യും.
പകൽ 11.30ന് പേരാമ്പ്ര, ഒന്നിന് കൊയിലാണ്ടി, പകൽ മൂന്നിന് പാളയം, 4.30ന് മുക്കം, 5.30ന് പൂവ്വാട്ട് പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി എഴിന് രാമനാട്ടുകരയിൽ സമാപിക്കും.
സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനംചെയ്യും.
ജാഥ വയനാട്ടിൽ പര്യടനം പൂർത്തിയാക്കി. കണ്ണൂരിൽനിന്ന് വ്യാഴാഴ്ച രാവിലെ ജില്ലയിലെത്തിയ ജാഥ മാനന്തവാടി, പനമരം, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ പര്യടനം നടത്തി പടിഞ്ഞാറത്തറയിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ ആർ വി ഇക്ബാൽ, വൈസ് ക്യാപ്റ്റൻ ഡോ. കെ എസ് പ്രദീപ് കുമാർ, ജാഥാംഗങ്ങളായ അക്ബർ കാനത്ത്, പി ടി പ്രസാദ്, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ വയനാട് ജില്ലാ സെക്രട്ടറി എം ജനാർദനൻ, പ്രസിഡന്റ് കെ വാസുദേവൻ എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..