09 July Thursday

സംഘകൃഷികളെ ബാധിച്ചു കുടുംബശ്രീക്ക്‌ നഷ്‌ടം മൂന്നര കോടി

സ്വന്തം ലേഖികUpdated: Wednesday May 20, 2020
കോഴിക്കോട്‌
കോവിഡ്‌ ഒന്നാംഘട്ട അടച്ചിടലിൽ കുടുംബശ്രീക്ക്‌ സംസ്ഥാനത്ത്‌ മൂന്നര കോടി രൂപയുടെ നഷ്‌ടം‌. കാർഷിക സംഘങ്ങൾ ഏറെ വരുമാനം പ്രതീക്ഷിച്ച  വിഷു സീസണിലുണ്ടായ അടച്ചിടലാണ്‌  പ്രഹരമായത്‌‌‌. ഒന്നാം അടച്ചിടൽ അവസാനിച്ചശേഷം നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തൽ. 
വിവിധ വിളകൾ ഇറക്കുന്ന  68,388 സംഘ കൃഷി ഗ്രൂപ്പുകളിൽ വിളവെളുപ്പിന്‌ ഒരുങ്ങിയ 4,042 കൃഷി സംഘങ്ങളെയാണ്‌ ‘കോവിഡ്‌ ’  നിയന്ത്രണങ്ങൾ ബാധിച്ചത്‌. 1201 സംഘങ്ങൾക്ക്‌ കാര്യമായ നഷ്‌ടമുണ്ടായി. അമ്പതിനായിരം ഹെക്ടറിലായി മൊത്തം 3,38,202  കർഷകരാണ്‌  ‌കൃഷിയിലൂടെ അതിജീവനം കണ്ടെത്തുന്നത്‌. വിഷുവിന്‌ 1.9 കോടിയുടെ 8.63 ലക്ഷം കിലോഗ്രാം  വിളകൾ നശിച്ചു‌.  
  പച്ചക്കറി, നെല്ല്‌, വാഴ, കിഴങ്ങുവർഗം എന്നിവയ്‌ക്കാണ്‌ നാശം നേരിട്ടത്‌‌. തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിൽ വെള്ളരി  വിളവെടുക്കാനാവാതെ വൻതോതിൽ  കേടായി. ആദ്യഘട്ടത്തിൽ വിളവെടുത്തത്‌ കെട്ടിക്കിടക്കുകയുംചെയ്‌തു. 821 സംഘങ്ങളെ (277.82 ഹെക്ടർ) ബാധിച്ച  തൃശൂരാണ്‌ കൂടുതൽ നാശം. മലപ്പുറത്ത്‌ 776 സംഘങ്ങളാണ്‌ പ്രതിസന്ധി നേരിട്ടത്‌.  കോഴിക്കോട്‌ 241 സംഘങ്ങളുടെ 34.23 ഹെക്ടർ  കൃഷി നശിച്ചു. 71.59 ലക്ഷം രൂപയുടെ വാഴ, 32.24 ലക്ഷം രൂപയുടെ  പച്ചക്കറി, 65.91 ലക്ഷം രൂപയുടെ നെല്ല്‌, 26.62 ലക്ഷം രൂപയുടെ കിഴങ്ങ്‌ കൃഷി എന്നിങ്ങനെയാണ്‌ നഷ്‌ടത്തിന്റെ കണക്ക്‌.  തൊഴിലാളികളെയും യന്ത്രവും കിട്ടാതെ കൊല്ലം, കോഴിക്കോട്‌, തൃശൂർ ജില്ലകളിൽ വലിയ പ്രതിസന്ധിയുണ്ടായി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top