22 September Sunday

കൃഷിഭവനിൽ ജീവനക്കാരില്ല, കർഷകർ പ്രക്ഷോഭത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
കുറ്റ്യാടി 
നരിപ്പറ്റ പഞ്ചായത്തിലെ കൃഷിഭവനിൽ ജീവനക്കാരില്ലാത്തതിനാൽ കാർഷിക പദ്ധതികൾ താളംതെറ്റുന്നു. കൃഷി വകുപ്പും ത്രിതല പഞ്ചായത്തുകളും നടപ്പാക്കുന്ന കാർഷിക പദ്ധതികൾ നടപ്പിലാക്കേണ്ടതും പദ്ധതി നിർവഹണം നടത്തേണ്ടതും കൃഷി ഓഫീസറും ജീവനക്കാരുമാണ്. 
കാർഷിക മേഖലയിൽ ശ്രദ്ധേയമായ പദ്ധതികൾ നടപ്പിലാക്കിയ നരിപ്പറ്റ പഞ്ചായത്ത് ജില്ലയിലെ സമഗ്ര ജൈവ കൃഷിയുടെ പൈലറ്റ് പഞ്ചായത്തുകൂടിയാണ്. ജനകീയാസൂത്രണ പദ്ധതിയിൽ 40 ശതമാനം കാർഷിക മേഖലക്ക് പഞ്ചായത്ത് മാറ്റിവെച്ചിരുന്നു. 
ഇതോടൊപ്പം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കാർഷിക പദ്ധതിയും ഇടവിള, കരനെൽ കൃഷി, തെങ്ങിന് വളം ചേർക്കൽ തുടങ്ങി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കേണ്ട വിവിധ പദ്ധതികളും മുടങ്ങിയിരിക്കുകയാണ്. 
കൃഷി ഓഫീസർ ഉൾപ്പെടെ നാല് ജീവനക്കാരാണ് നരിപ്പറ്റ കൃഷിഭവനിൽ ആവശ്യമായുള്ളത‌്. എന്നാൽ ഒരാൾ മാത്രമാണ‌് ഇപ്പോഴുള്ളത‌്. പഞ്ചായത്ത് ഭരണസമിതിയുടെ സജീവ ഇടപെടലിനെ തുടർന്ന് കൃഷി ഓഫീസറെ നിയമിച്ചെങ്കിലും അവർ ചുമതലയേറ്റ ദിവസം തന്നെ ദീർഘകാല അവധിയിൽ പ്രവേശിച്ചു. കൃഷിഭവനിൽ ജീവനക്കാരില്ലാത്തതിനാൽ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പദ്ധതികൾ കാലാവധിക്കുള്ളിൽ നടപ്പാക്കാൻ കഴിയില്ല. 
കർഷകർക്ക് താങ്ങായി  സംസ്ഥാന സർക്കാർ അവതരിപ്പിച്ച പല പദ്ധതികളും നടപ്പാക്കാനാകാത്ത സ്ഥിതിയാണ‌് ഇപ്പോഴുള്ളത‌്‌. ഈ സാഹചര്യത്തിൽ കൃഷി ഓഫീസർ ഉൾപ്പെടെ ആവശ്യമായ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന‌് കർഷകസംഘം തിനൂർ വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു. 
ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക‌് നേതൃത്വം നൽകുമെന്നും വില്ലേജ് കമ്മറ്റി അറിയിച്ചു.  യോഗത്തിൽ എം കൃഷ്ണൻ അധ്യക്ഷനായി. കെ ടി സോമൻ, എൻ കെ കണാരൻ, കെ പി നന്ദൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top