18 August Sunday

കോഴിക്കോട് മെഡിക്കൽ കോളേജിൽ ടിപ്സ് ചികിത്സ വിജയകരം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
കോഴിക്കോട‌്
കോഴിക്കോട‌് മെഡിക്കൽ കോളേജിൽ ടിപ്സ് ചികിത്സ വിജയകരമായി പൂർത്തിയാക്കി. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ  കോളേജുകളിൽ ആദ്യമായിട്ടാണ് ടിപ്സ്  ചികിത്സ നടത്തുന്നത്. സിറോസിസ് രോഗികളിൽ  കരളിലെ രക്തസമ്മർദം കുറയ്ക്കുന്നതിന‌് കരളിലെ രക്തക്കുഴൽ വയറ്റിലെ പ്രധാന സിരയുമായി കൂട്ടിയോജിപ്പിക്കുന്ന ചികിത്സയാണ് ടിപ്സ് (ട്രാൻസ് ജുഗുലാർ ഇന്ററാഹെപ്പാറ്റിക് പോർട്ടോ സിസ്റ്റമാറ്റിക് ഷണ്ട്).
65 വയസ്സുള്ള തൃശൂർ  സ്വദേശി സിറോസിസ് രോഗത്തെ തുടർന്ന് വയറ്റിൽ നീര് കെട്ടുന്ന അസൈറ്റിസ് എന്ന അസുഖമായിട്ടാണ് മെഡിക്കൽ കോളേജിൽ എത്തിയത്.  ഇന്റെർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ ഓപ്പറേഷൻ കൂടാതെ, പിൻ ഹോൾ വലുപ്പത്തിലുള്ള ദ്വാരം രക്തക്കുഴലിൽ സൃഷ്ടിച്ചതിനുശേഷം സ്റ്റെന്റ് കടത്തിവിട്ടാണ് ഈ ചികിത്സ വിജയകരമായി നടത്തിയത്. 
സ്വകാര്യ ആശുപത്രികളിൽ നാല‌് ലക്ഷം രൂപ വരെ ചെലവ‌് വരുന്നതാണ‌് ഈ ചികിത്സ.  കാരുണ്യ പദ്ധതിയിലൂടെ ചുരുങ്ങിയ ചെലവിലാണ് മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയത‌്.
ഉദര രോഗവിഭാഗം മേധാവി ഡോ ടി എം രാമചന്ദ്രൻ,  പ്രൊഫസർ ഡോ. കെ  സുനിൽകുമാർ, ഇന്റെർവെൻഷണൽ റേഡിയോളജി വിഭാഗം ഡോക്ടർമാരായ  വി  ആർ രാജേന്ദ്രൻ,   ഇ ദേവരാജൻ,  പി നൗഫൽ, കെ ആർ രാഹുൽ,   ബിബിൻ സെബാസ്റ്റ്യൻ,  അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ  മുബാറക്,  രാധ,  ബഷീർ, ലെസ്ന എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top