23 May Thursday

മഹിളാ മോർച്ച നേതാവും ഭർത്താവും സിപിഐ എമ്മിനൊപ്പം

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
ഫറോക്ക് 
മഹിളാ മോർച്ച  മണ്ഡലം മുൻ പ്രസിഡന്റും  പ്രധാന ബിജെപി പ്രവർത്തകനും പാർടി വിട്ട് സിപിഐ എമ്മിനൊപ്പം. ഫറോക്ക് നല്ലൂരങ്ങാടിയിലെ പാറപ്പുറവൻ വസന്തയും ഭർത്താവ് പി പരമേശ്വരനുമാണ് സംഘ പരിവാരത്തിന്റെ കൂടാരം വിട്ട് സിപിഐ -എമ്മിനൊപ്പം  പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇരുവരും  ഇടതുമുന്നണി  സ്ഥാനാർഥി എ പ്രദീപ് കുമാറിന്റെ വിജയത്തിനായി  പ്രവർത്തന രംഗത്തിറങ്ങി.
വസന്ത മഹിളാ മോർച്ചയുടെ ബേപ്പൂർ മണ്ഡലം പ്രസിഡന്റും ബിജെപി മണ്ഡലം കമ്മിറ്റി അംഗവും മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഫറോക്ക്  പഞ്ചായത്തിലേക്ക‌്  രണ്ടു തവണ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഇവർ മണ്ഡലത്തിൽ  അറിയപ്പെടുന്ന  നേതാവാണ‌്. ആർഎസ്എസിലും ജനസംഘത്തിലും സജീവമായിരുന്ന  പരമേശ്വരൻ ഫറോക്കിലെ അറിയപ്പെടുന്ന പ്രവർത്തകനും സംഘാടകനുമായിരുന്നു. ഇവരുടെ മകൻ നേരത്തെ ബിജെപി വിട്ട‌് സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു.    
ഇരുവർക്കും  പാർടി പതാക നൽകി  ഏരിയാ സെക്രട്ടറി എം ഗിരീഷ‌് സ്വീകരിച്ചു.    മുനിസിപ്പൽ  കൗൺസിലർ പി എൽ ബിന്ദു അധ്യക്ഷയായി. ലോക്കൽ  സെക്രട്ടറി ഇ ബാബു ദാസൻ സംസാരിച്ചു.  ബ്രാഞ്ച് സെക്രട്ടറി  പി ബിജീഷ് സ്വാഗതവും വസന്തയും പരമേശ്വരനും നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top