02 December Wednesday

ഇവരുണ്ട്‌ കാവലായി

സ്വന്തം ലേഖകൻUpdated: Friday Mar 20, 2020

 

കോഴിക്കോട്‌
ദുബായിൽനിന്ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ കോഴിക്കോട്ടുകാരന്റെ ഫോണിലേക്ക്‌ ബുധനാഴ്‌ച രാവിലെ വിളിയെത്തി. ‘‘താങ്കൾ ഇന്നലെ ദുബായിൽനിന്നെത്തിയെന്നറിഞ്ഞാണ്‌ വിളിക്കുന്നത്‌. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി 14 ദിവസം വീട്ടിൽ തന്നെ കഴിയുമല്ലോ.’’ മഹാമാരിയുടെ ഒരു കണ്ണി തകർത്തെന്നുറപ്പിച്ചാണ്‌ ഫോൺവിളി അവസാനിച്ചത്‌. കോവിഡ്‌ പ്രതിരോധത്തിൽ നിർണായക പങ്ക്‌ വഹിക്കുകയാണ്‌ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ ഡെസ്‌കുകൾ. ആരോ ഗ്യ, ദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തിലാണ്‌ ഇവയുടെ പ്രവർത്തനം.
കോവിഡ്‌ സംശയങ്ങൾ തീർക്കുകയും രോഗികളെന്ന്‌ സംശയിക്കുന്നവർക്ക്‌ കൃത്യമായ ചികിത്സ ഒരുക്കുകയുമാണ്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ ലൈനുകളുടെ ലക്ഷ്യം. നൂറുകണക്കിന്‌ വിളികളാണ്‌ പ്രതിദിനം ഇവരെത്തേടി എത്തുന്നത്‌. എല്ലാ സംശയങ്ങൾക്കും ശാന്തമായും കൃത്യമായും  മറുപടിനൽകും. രോഗലക്ഷണമുണ്ടായിട്ടും റിപ്പോർട്ട്‌ ചെയ്യാത്തവരെ ആരോഗ്യവകുപ്പിന്‌ മുന്നിൽ എത്തിക്കാനായും വിളിവരുന്നു. വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം പാലിക്കാത്തവരെ കണ്ടെത്താനും സംവിധാനമൊരുക്കിയിട്ടുണ്ട്‌. വിമാനത്താവളത്തിൽ എത്തുന്നവരുടെ മുഴുവൻ വിവരങ്ങളും ഹെൽപ്പ്‌ലൈനിലുണ്ട്‌.
ഇവരെ പിന്തുടർന്ന്‌ വീട്ടിൽ നിരീക്ഷണം ഉറപ്പാക്കും. ഇവരുടെ വിവരങ്ങൾ അടുത്തുള്ള ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർക്ക്‌ കൈമാറും. പിന്നെ ഓരോ ചലനത്തിലും ഇവർക്ക്‌ പിന്നാലെ ആരോഗ്യവകുപ്പിന്റെ കണ്ണുണ്ടാകും. രോഗലക്ഷണമുണ്ടെങ്കിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും. ദുരന്ത നിവാരണ വകുപ്പിന്റെ കീഴിൽ പഞ്ചായത്ത്‌, വാർഡുതലത്തിൽ ദ്രുതകർമ സേനകൾ പ്രവർത്തിക്കുന്നുണ്ട്‌. പ്രദേശത്ത്‌ ആരെങ്കിലും വിദേശത്തുനിന്ന്‌ വന്നിട്ടുണ്ടോ, രോഗലക്ഷണങ്ങളുണ്ടോ എന്നെല്ലാം ഈ സംഘം പരിശോധിക്കും. ഉടനടി കോൾസെന്ററിൽ വിവരമെത്തിക്കുകയുംചെയ്യും. സംശയമുള്ളവരുടെ വിവരം ആരോഗ്യവകുപ്പിന്‌ കൈമാറും.
ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, അഡീ. ഡിഎംഒ ആശാദേവി തുടങ്ങിയവരുടെ നേതൃത്വത്തിൽ മുപ്പതാളുകളുണ്ട്‌ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ്‌ലൈനിൽ. ജീവനക്കാർക്കൊപ്പം മെഡിക്കൽ കോളേജ്‌, നേഴ്‌സിങ്‌ കോളേജ്‌ വിദ്യാർഥികളും വളന്റിയർമാരുമുണ്ട്‌. ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ 18 പേർ ദുരന്ത നിവാരണ വകുപ്പ്‌ ഹെൽപ്പ്‌ലൈനിലുണ്ട്‌. എൻഎസ്‌എസ്‌ വളന്റിയർമാർ, കലക്ടർക്ക്‌ കീഴിൽ ഇന്റേൺഷിപ്പ്‌ ചെയ്യുന്നവർ, മെഡിക്കൽ വളന്റിയർമാർ തുടങ്ങിയവരാണ്‌ പ്രവർത്തനങ്ങളിൽ സജീവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top