27 May Wednesday

എയര്‍പോര്‍ട്ടില്‍നിന്നുള്ളവരെ നേരിട്ട് വീട്ടിലെത്തിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കോഴിക്കോട്‌
എയർപോർട്ടിൽനിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാൻ ടാക്‌സി ഡ്രൈവർമാരോട് കലക്ടർ സാംബശിവറാവു നിർദേശിച്ചു. കോവിഡ്- വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ലയിലെ ടാക്‌സി ഡ്രൈവർമാരുടെ അസോസിയേഷൻ പ്രതിനിധികളുമായി കലക്ടറേറ്റിൽ നടത്തിയ യോഗത്തിലാണ്‌ നിർദേശം.  
എയർപോർട്ടിൽനിന്നുള്ള യാത്രക്കാർ ആവശ്യപ്പെട്ടാലും അവരെ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ ഇറക്കരുത്. യാത്രക്കിടയിൽ ഹോട്ടലിലോ ഷോപ്പിങ് മാളിലോ ഇറക്കരുത്‌. യാത്രക്കാർ കയറിയാലുടൻ അവരുടെ പേരും വിലാസവും ഫോൺ നമ്പറും വാങ്ങി കലക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൽ അറിയിക്കണം. ഇതിനായി  ടാക്‌സി ഡ്രൈവർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ നിർദേശിച്ചു. 
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇക്കാര്യത്തിൽ മാർഗനിർദേശം നൽകി. ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ യോഗം ഉടനടി വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.  
മാസ്‌ക് ധരിക്കുക,  വാഹനത്തിൽ എ സി  പ്രവർത്തിപ്പിക്കാതിരിക്കുക,  ജനൽച്ചില്ലുകൾ താഴ്‌ത്തിവയ്‌ക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു.
പ്രധാന വാർത്തകൾ
 Top