24 July Saturday

വേണം, ജീവിതത്തിനൊരു താളം

വി ബൈജുUpdated: Friday Mar 20, 2020
എരഞ്ഞിക്കൽ 
തങ്കന്റെ വിരലുകൾ ഇപ്പോൾ തബലയിൽ താളംപിടിക്കാറില്ല. ഹാർമോണിയത്തിൽനിന്നും സ്വരമാധുര്യമകന്നു. രോഗവും ദാരിദ്ര്യവും അലട്ടിയതോടെ പിഴച്ചത്‌ തങ്കൻ എന്ന തിരുത്തിക്കുന്നത്ത് ബാലസുബ്രഹ്മണ്യത്തിന്റെ ജീവതാളം. തബലയും ഹാർമോണിയം പെട്ടിയുമായി കോഴിക്കോടിന്റെ സംഗീതരാവുകൾക്ക് ഈണം പകർന്ന തങ്കനെ പഴയകാല സംഗീതപ്രേമികൾക്ക് മറക്കാനാവില്ല. ബാബുക്കയുടെ സംഗീതയാത്രയിൽ ജീവിതമലിയിച്ച്‌ അമ്പതോളം പാട്ടുകൾക്ക് സംഗീതം നൽകിയ അദ്ദേഹം കുണ്ടൂപ്പറമ്പിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ജീവിതം തള്ളിനീക്കുകയാണിപ്പോൾ. 
ആർട്സ്‌ക്ലബ്ബുകളുടെ സംഗീതരാവുകളിൽനിന്നാണ് പാട്ടുകളുടെ മർമം പഠിച്ചെടുക്കുന്നത്. പിന്നീട് കോഴിക്കോടൻ സംഗീതവിരുന്നുകളിലെ അവിഭാജ്യഘടകമായി. പി ജയചന്ദ്രൻ, സതീഷ്ബാബു, സുധീപ്, സിതാര കൃഷ്ണകുമാർ, സിന്ധു പ്രേംകുമാർ, ജി വേണുഗോപാൽ, രഹന, മധു ബാലകൃഷ്ണൻ, എടപ്പാൾ വിശ്വൻ തുടങ്ങിയവരുടെ ശബ്ദത്തിലൂടെ കേരളമാസ്വദിച്ച അമ്പതോളം ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകി. കണ്ണൂർ ഷെരീഫിന്റെ ‘റബ്ബല്ലേ’ എന്ന ഹിറ്റ് ആൽബത്തിലെ സംഗീതവും തങ്കന്റേതായിരുന്നു. കാമ്പുറത്തമ്മ, വരദാനം, തെക്കയിൽ തുടങ്ങിയ ആൽബങ്ങൾക്കും സംഗീതം നൽകി. 
സംഗീതമേഖലയിൽ തിളങ്ങിനിൽക്കെയാണ്‌ വൻകുടൽ ദ്രവിച്ചുപോവുന്ന അസുഖം അദ്ദേഹത്തെ പിടികൂടിയത്‌. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പകുതിയായി. ഇതിനിടെ പേപ്പട്ടിയും കടിച്ചു. ആറ്‌ കുത്തിവയ്‌പ്പ്‌ എടുക്കേണ്ടിവന്നു. ഇത്‌ താങ്ങാനുള്ള കെൽപ്പ്‌ അദ്ദേഹത്തിന്റെ ശരീരത്തിനുണ്ടായില്ല. അസുഖങ്ങൾ തുടർക്കഥയായതോടെ സാമ്പത്തികമായും തകർന്നു. ഛർദിയും ശരീരമാകെ ചൊറിയും  കലശലായതോടെ വർഷങ്ങളോളം തുടർചികിത്സ നടത്തി. ഇപ്പോൾ പുറത്തിറങ്ങാനാവാതെ വീട്ടിൽ കഴിയുകയാണ്. 
ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്ടിലാണ്‌ തങ്കനും ഭാര്യ രേഖയും മകൾ ദിയാബാലും സഹോദരിമാരായ കാഞ്ചനമാലയും ആനന്ദവല്ലിയും താമസിക്കുന്നത്‌. പലയിടത്തും പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട്‌ മറച്ചിരിക്കുന്നു. കാഞ്ചനമാലക്ക് തലയിൽ രക്തം കട്ടപിടിക്കുന്ന അസുഖമാണ്. ആനന്ദവല്ലി ഡ്രൈവിങ്‌ പഠിപ്പിച്ചുകിട്ടുന്ന തുച്ഛവരുമാനത്തിലാണ് കുടുംബം പുലരുന്നത്‌. വീടിനോട് ചേർന്നുള്ള അമ്പലവുമായി ബന്ധപ്പെട്ട കേസും തങ്കനെ മാനസികമായി തകർത്തു. 
കോഴിക്കോട് ബാബുരാജിനെ ഏറെ ആരാധിക്കുന്ന, തെരുവുകളിൽ മാന്ത്രികത തീർത്ത തങ്കൻ ഏതുസമയത്തും നിലംപതിക്കാൻ കാത്തിരിക്കുന്ന വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടുകളുടെ ഈണം മനസ്സിൽ കൂട്ടിവയ്‌ക്കുകയാണ്. സംഗീതലോകത്ത് എന്നെങ്കിലും തിരികെ വരാൻ കഴിഞ്ഞാലോ എന്ന പ്രതീക്ഷയിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top