29 May Friday

വയോധികനെ വീടിന്‌ പുറത്താക്കി ഭാര്യയും മക്കളും മുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

പത്മരാജൻ വീടിന്‌ മുന്നിൽ പായവിരിച്ച്‌ കിടക്കുന്നു

വെസ്റ്റ്‌ഹിൽ
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വയോധികനെ ഭാര്യയും മക്കളും വീട്ടിൽനിന്ന് പുറത്താക്കി. നാട്ടുകാരുടെ പരാതിയെ തുടർന്ന്‌ സ്ഥലത്തെത്തിയ പൊലീസ് വീടിന്റെ പൂട്ടുപൊളിച്ച് വയോധികനെ അകത്ത് കടത്തിയശേഷം ഭാര്യക്കും മക്കൾക്കുമെതിരെ കേസെടുത്തു. വെസ്റ്റ്ഹിൽ ബിജി റോഡിനുസമീപം അയ്യൻകോട് പറമ്പ് ലതാനിവാസിൽ പത്മരാജനെ(68)യാണ്‌ ഭാര്യ സോമലതയും മക്കളായ ദീപ്തി, ദീപക്ക് എന്നിവരും വീടിന് പുറത്താക്കി വാതിലടച്ചശേഷം വീട് പൂട്ടി കടന്നുകളഞ്ഞത്. ഇവർ എവിടെയാണെന്നറിയില്ല. 
വെള്ളയിൽ സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാത്രി 7.50ഓടെയാണ്‌ വീട്ടിലെത്തിയത്. വീടിനോട് ചേർന്ന് തുണിവിരിച്ച് മുറ്റത്ത് കിടക്കുകയായിരുന്നു പത്മരാജൻ. ആശുപത്രിയിൽ കൊണ്ടുപോവാമെന്ന് പറഞ്ഞെങ്കിലും വീട്ടിൽ കയറുകയും ഭക്ഷണം ലഭിക്കുകയും ചെയ്താൽ മതിയെന്ന്‌ ഇയാൾ പറഞ്ഞതോടെ പൊലീസ് മുൻവശത്തെ വാതിലിന്റെ പൂട്ടുതകർത്ത് അകത്തുകടക്കുകയായിരുന്നു. മുറികളും പൂട്ടിയിരുന്നെങ്കിലും ഹാളിൽ കിടക്കാനുള്ള സൗകര്യമൊരുക്കി. കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതും പൊലീസ്‌ ഇടപെട്ട്‌ ശരിയാക്കി. സോമലതയെയും മക്കളെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും മൂവരും ഫോണെടുത്തില്ല. 
പത്മരാജനെ നേരത്തെയും വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു. റോഡ് വക്കിലും മറ്റും കിടന്നുറങ്ങിയ ഇയാളെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടുകാർ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായതോടെ വീണ്ടും വീട്ടിലെത്തിയതായിരുന്നു. ഇതോടെയാണ്‌ പത്മരാജനെ വീടിന് പുറത്താക്കി അമ്മയും മക്കളും സ്ഥലംവിട്ടത്. മുതിർന്ന പൗരൻമാരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും പരിപാലനവും സംരക്ഷിക്കാനുള്ള വകുപ്പിലാണ് കേസെടുത്തത്.
പ്രധാന വാർത്തകൾ
 Top