13 November Wednesday

മലബാറിലെ യാത്രാപ്രശ്‌നം; നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
കോഴിക്കോട്‌
മലബാറിലെ യാത്രാപ്രശ്‌ന പരിഹാരത്തിനായി  മലബാർ ഡെവലപ്പ്‌മെന്റ്‌ കൗൺസിലും കോൺഫെഡറേഷൻ ഓഫ്‌ ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ്‌ അസോസിയേഷനും ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാർക്കും സംസ്ഥാന സർക്കാരിനും നിവേദനം നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന ഗവർണർ മുഹമ്മദ്‌ ആരിഫ്‌ ഖാനുമായും വിഷയം ചർച്ചചെയ്‌തു. 
എൻഎച്ച്‌ 766 ലെ രാത്രിയാത്രാനിരോധനം 24 മണിക്കൂറായി വർധിപ്പിക്കാനുള്ള നീക്കം ആശങ്കാജനകമാണ്‌. കേസിൽ സംഘടന സുപ്രീം കോടതിയിൽ കക്ഷി ചേരും. യാത്രാപ്രശ്‌നത്തിൽ  ഇരു സംസ്ഥാനങ്ങളും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം.  
കോഴിക്കോട്ടേക്ക്‌ ശ്രീലങ്കൻ എയർലൈൻസ്‌ ഉൾപ്പെടെ കൂടുതൽ സർവീസ്‌ ആരംഭിക്കുമെന്ന്‌ വ്യോമയാന മന്ത്രാലയം ഉറപ്പുനൽകി. കോഴിക്കോട്‌ വിമാനത്താവളം ക്രിട്ടിക്കൽ എയർപ്പോർട്ട്‌ പട്ടികയിലാണ്‌. 
ആവശ്യത്തിന്‌ ഭൂമി ലഭിക്കാത്തതാണ്‌ റെയിൽവേ വികസനത്തിന്‌ തടസ്സം. ഷൊർണ്ണൂർ–കണ്ണൂർ–--മംഗലാപുരം മെമു താമസിയാതെ സർവീസ്‌ ആരംഭിക്കുമെന്ന്‌ ഉറപ്പു ലഭിച്ചതായും ഭാരവാഹികൾ പറഞ്ഞു. 
വാർത്താസമ്മേളനത്തിൽ മലബാർ ഡെവലപ്പ്‌മെന്റ്‌ കൗൺസിൽ പ്രസിഡന്റ്‌ സി ഇ ചാക്കുണ്ണി, എം വി മാധവൻ, എം വി കുഞ്ഞാമു, ടി എം റഷീദ്‌, പി വേണുഗോപാലൻ, ഷംസുദ്ദീൻ, മുണ്ടോളി കുന്നോത്ത്‌ അബൂബക്കർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top