27 September Monday

വ്യാപാരികൾക്ക്‌ ഭീഷണിക്കത്ത്‌ ; പ്രതിയെ 
തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021
കോഴിക്കോട്‌
കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മൂന്ന്‌ വ്യവസായികൾക്ക്‌ ഭീഷണിക്കത്തയച്ചയാളെ പൊലീസ്‌ തിരിച്ചറിഞ്ഞു. പാറോപ്പടി സ്വദേശി ഹബീബ്‌ റഹ്മാനാണ്‌ മാവോയിസ്റ്റുകളുടെ പേരിൽ കത്തയച്ചതെന്നും ബ്ലാക്ക്‌ മെയിൽ ചെയ്‌ത്‌ പണം തട്ടാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇയാളുടെ വീട്ടിലും ഓഫീസിലും ബന്ധുവീടുകളിലും ഞായറാഴ്‌ച പൊലീസ്‌ പരിശോധന നടത്തി.
ഹബീബിന്റെ മലാപ്പറമ്പിലുള്ള നിർമാണ കമ്പനി ഓഫീസ്‌, ചേളന്നൂരിലെ ബന്ധുവീട്‌, എൻജിഒ ക്വാർട്ടേഴ്‌സിനടുത്ത ഫ്ലാറ്റ്‌ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമീഷണർ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.പ്രമുഖ സ്വർണവ്യാപാരിക്കും കരാറുകാരനും ഭക്ഷ്യഎണ്ണക്കമ്പനി ഉടമയ്‌ക്കുമാണ്‌ മൂന്നുകോടി രൂപ ആവശ്യപ്പെട്ട്‌ ഭീഷണിക്കത്തയച്ചത്‌. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്‌. വയനാട്‌ ചുണ്ടേൽ പോസ്റ്റോഫീസിൽ നിന്ന്‌ സ്പീഡ്‌പോസ്റ്റായാണ്‌ കത്തയച്ചത്‌. ഇവിടുത്തെ സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ താമരശേരി സ്വദേശി ഷാജഹാനാണ്‌ കത്തയക്കാൻ എത്തിയതെന്ന്‌ മനസ്സിലായി. ഇയാളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ ലഭിച്ച രഹസ്യവിവരത്തിലാണ്‌ ഹബീബിന്റെ പങ്കിനെക്കുറിച്ച്‌ പൊലീസിന്‌ വിവരം ലഭിച്ചത്‌. 
വ്യവസായികൾക്ക്‌ ഭീഷണിക്കത്തയക്കുന്നതും ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും ഇയാളുടെ പതിവാണെന്ന്‌ പൊലീസിന്‌ വിവരം കിട്ടിയിട്ടുണ്ട്‌.  ഇയാൾക്കെതിരെ കൊണ്ടോട്ടി സ്‌റ്റേഷനിലടക്കം പരാതിയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top