15 December Sunday

ഉയരെ വെള്ളക്കൊടി പാറട്ടെ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിന്‌ മുന്നിലേക്ക്‌ നടത്തിയ മാർച്ചിൽ നിന്ന്‌

തിരുവനന്തപുരം/കോഴിക്കോട‌്
വിദ്യാഭ്യാസമേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങളുള്ള അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട‌്‌ എസ്എഫ്ഐ നടത്തിയ മാർച്ചിൽ അണിനിരന്നത‌്  ആയിരക്കണക്കിന‌് വിദ്യാർഥികൾ. കുതിരപ്പുറത്തിരുന്ന‌് തൂവെള്ളക്കൊടി വീശിയും വാദ്യമേളങ്ങളെക്കാൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ പ്രകടനമായെത്തി.  മാർച്ചിന്റെ ഉദ‌്ഘാടനം ആരംഭിച്ചിട്ടും വെള്ളയും ചുവപ്പും വസ‌്ത്രങ്ങളണിഞ്ഞുള്ള   വിദ്യാർഥിപ്രവാഹം അവസാനിച്ചിരുന്നില്ല. ആയിരക്കണക്കിന‌് വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയാതെ കോഴിക്കോട‌് നഗരം വീർപ്പുമുട്ടി. പെൺകുട്ടികളും ട്രാൻസ‌്ജെൻഡേഴ‌്സുമടക്കമുള്ളവരും മാർച്ചിലുണ്ടായിരുന്നു.
മാധ്യമങ്ങൾ നുണക്കൊട്ടാരമുണ്ടാക്കുമ്പോൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ രക്തസാക്ഷികളുടെ സ‌്മരണയിൽ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചാണ‌് വിദ്യാർഥികൾ പ്രതിരോധംതീർത്തത‌്. അഭിമന്യു ഉൾപ്പെട്ട 33 രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളും വിദ്യാർഥികൾ കൈയിലേന്തി. ചെഗുവേരയുടെ ചിത്രം ആലേഖനംചെയ‌്ത കൊടികളും  വാനിലുയർന്ന‌് പറന്നു.
അടുത്തിടെയുണ്ടായ  സംഘർഷത്തെ തുടർന്ന‌് അടച്ചിട്ടിരിക്കുന്ന യൂണിവേഴ‌്സിറ്റി കോളേജിലെ  ആയിരത്തോളം വിദ്യാർഥികൾ തിരുവനന്തപുരം സെക്രട്ടറിയറ്റിലേക്ക‌് നടന്ന മാർച്ചിൽ അണിനിരന്നത‌് ആവേശം പകർന്നു. യൂണിവേഴ‌്സിറ്റി കോളേജിൽ എസ‌്എഫ‌്ഐ  അവസാനിച്ചെന്ന‌് എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ മുന്നിലൂടെ, കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കളുൾപ്പെടെയുള്ള വിദ്യാർഥികളെ എസ‌്എഫ‌്ഐയുടെ കൊടിയുമേന്തി അണിനിരത്തിയാണ‌് പുതിയ യൂണിറ്റ‌് കമ്മിറ്റി മറുപടി പറഞ്ഞത‌്. 
50 വർഷംകൊണ്ട് ജീവൻ നൽകി പടുത്തുയർത്തിയ വിദ്യാർഥിപ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് തെളിയിക്കുന്നതായി എസ്എഫ്‌ഐയുടെ പതാകക്ക‌് കീഴിലെ  അണിചേരൽ.
പ്രധാന വാർത്തകൾ
 Top