20 August Tuesday

കൂടുതൽ ചരക്കുകപ്പൽ വരുന്നു; ബേപ്പൂരിന‌് വസന്തകാലം

സ്വന്തം ലേഖകൻUpdated: Friday Jul 19, 2019

കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി ജെ മാത്യുവും സംഘവും ബേപ്പൂർ തുറമുഖത്തെത്തിയപ്പോൾ

ബേപ്പൂർ
ഇടത്തരം–-ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം സജീവമാക്കുന്നതിന്റെ ഭാഗമായി  ബേപ്പൂർ തുറമുഖത്തേക്ക‌് കൂടുതൽ കപ്പലുകൾ. സംസ്ഥാന സർക്കാർ ആവിഷ‌്കരിച്ച പദ്ധതി പ്രകാരമാണ‌്  മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന‌് കൂടുതൽ ചരക്കുകപ്പലുകൾ എത്തിക്കുന്നത്. സെപ്തംബർ ആദ്യവാരത്തോടെ സർവീസ‌് ആരംഭിക്കും. അടുത്ത ആഴ‌്ചയോടെ ക്ലിയറൻസ് നൽകിത്തുടങ്ങും. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച‌് ആധുനികവൽക്കരണം നടപ്പാക്കും.
മംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ ഗ്രൂപ്പിനു കീഴിലെ കപ്പലുകളാണ‌് ആദ്യം സർവീസിനെത്തുന്നത്. കടൽ മാർഗമുള്ള ചരക്കുഗതാഗതം ഊർജിതപ്പെടുത്താൻ സംസ്ഥാന സർക്കാർ 97 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുറമുഖ വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽ 2000 കോടി രൂപയും  പ്രതീക്ഷിക്കുന്നു. നിക്ഷേപ താൽപ്പര്യമുള്ള സ്വകാര്യ സംരംഭകരെയും പ്രയോജനപ്പെടുത്തും.
പ്രധാന തുറമുഖമായ കൊച്ചിയും കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ ചെറുകിട തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ്  കണ്ടെയ്നർ കപ്പലുകളുടെയും ബാർജുകളുടെയും വിപുലമായ സർവീസിന് കളമൊരുക്കുന്നത്. തുടക്കത്തിൽ കൊച്ചിയിൽ നിന്ന് ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലേക്ക് ഇടതടവില്ലാതെ സർവീസ് നടത്താനാണ് ധാരണ. കൊച്ചിയിൽ നിന്ന് ടൈൽസ്, പ്ലൈവുഡ് എന്നിവ കൊണ്ടുവരുന്ന കപ്പലിൽ അഴീക്കലിൽ നിന്ന് കൈത്തറി ഉല്പന്നങ്ങൾ, കാപ്പി, കുരുമുളക് എന്നിവ കയറ്റാനും പദ്ധതിയുണ്ട്.
തോട്ടണ്ടി ഇറക്കുമതിയിലും തുറമുഖ വകുപ്പ‌് നോട്ടമിടുന്നുണ്ട‌്. ആഫ്രിക്കൻ രാജ്യങ്ങൾ, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന‌ുള്ള തോട്ടണ്ടി  വല്ലാർപാടം, തൂത്തുക്കുടി, ചെന്നൈ  തുറമുഖങ്ങളിൽ ഇറക്കി റോഡ‌് മാർഗമാണ‌് ഇപ്പോൾ കൊല്ലത്ത‌് എത്തിക്കുന്നത‌്. നിലവിലുള്ള തോട്ടണ്ടി ഇറക്കുമതിയുടെ നാലിലൊരു ഭാഗം പുതിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ കൈകാര്യം ചെയ്യാനാകുമെന്നാണ്‌ പ്രതീക്ഷ. 
രണ്ട‌ു ശതമാനമാണ്‌ ഇപ്പോൾ ജലഗതാഗത മാർഗമുള്ള ചരക്കുനീക്കം. റെയിൽമാർഗം 34 ശതമാനവും. ബാക്കിയുള്ള 64 ശതമാനം ചരക്കുനീക്കവും റോഡ‌് മാർഗമാണ‌്. ബഹുഭൂരിഭാഗം ചരക്കും കപ്പൽ മാർഗം എത്തിക്കുന്നതോടെ  കടത്തുകൂലിയിനത്തിൽ വലിയ ലാഭമുണ്ടാകുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. തൊഴിലവസരങ്ങൾ കൂടാനും അന്തരീക്ഷ മലിനീകരണം കുറയ‌്ക്കാനും ഇത‌് സഹാകരമാകും.
കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി ജെ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തി തുറമുഖ അധികൃതരുമായി ചർച്ച നടത്തി. മാരിടൈം ബോർഡ്  സ്പെഷ്യൽ  ഓഫീസർ കെ വി വിനോദ്, പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വനി പ്രതാപ്, പോർട്ട്  ജൂനിയർ സൂപ്രണ്ട് എൻ കെ അബ്ദുൽ മനാഫ്,  ക്യാപ്റ്റൻ കെ കെ ഹരിദാസ് തുടങ്ങിയവരും മാരിടൈം ബോർഡ് ചെയർമാനൊപ്പം തുറമുഖം സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top