25 August Sunday
ഇന്ന‌് ലോക വായനാദിനം

സ‌്കൂൾ കണ്ടില്ല; വലിയങ്ങാടി കവിയ‌്ക്ക‌് പാഠശാലയായി

മനാഫ‌് താഴത്ത‌്Updated: Wednesday Jun 19, 2019
 
 
ഫറോക്ക് 
സ്കൂളിൽ പോകേണ്ട പ്രായത്തിൽ അഷ്ടിക്ക് വകയില്ലാതെ  കോഴിക്കോട് വലിയങ്ങാടിയിൽ തലശേരിക്കാരന്റെ കടയിൽ ജോലിചെയ്യവേയാണ് മൂസക്കോയ മലയാള അക്ഷരങ്ങളിൽ ഹരിശ്രീ കുറിക്കുന്നത്. സോപ്പ്, ചീർപ്പ്, കണ്ണാടി തുടങ്ങിയ പേരുകൾ തപ്പിത്തടഞ്ഞ് എഴുതിനോക്കിയും വായിച്ചുമായിരുന്നു തുടക്കം. എന്നാൽ,  അങ്ങനെ ചേർത്തുവച്ച  അക്ഷരക്കൂട്ടങ്ങളെ ഈ കവി പിന്നീട‌് കൈവിട്ടില്ല.  പള്ളിക്കൂടത്തിന്റെ പടി ചവിട്ടാതെ പിറന്നത‌്  അമ്പതോളം കവിതകൾ. അത‌് മൂന്ന് പുസ്തകങ്ങൾക്ക‌് ജന്മമേകി.  നാലാമത്തെ സമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു.  മൂസക്കോയ കോട്ടപ്പറമ്പിന്റെ  ജീവിതം കവിതപോലെ  ഒറ്റ വായനയ‌്ക്ക‌് പിടി തരാത്തതാണ‌്. 
1944ൽ  കോഴിക്കോട് കോട്ടപ്പറമ്പിൽ കോയക്കുട്ടി–-ഖദീജ ദമ്പതികളുടെ മകനായാണ‌്  ജനനം. മൂസക്കോയയുടെ ചെറുപ്പത്തിൽ തന്നെ ബാപ്പ  കുടുംബത്തെ ഉപേക്ഷിച്ചു. വൈകാതെ ഉമ്മയും മരിച്ചു. എട്ടാം വയസ്സിലാണ് വലിയങ്ങാടിൽ ജോലിക്കെത്തിയത്. പിന്നെ വലിയങ്ങാടിയായി പാഠശാല.
പീടികയിലെ ജോലിക്കിടെ ആളുകൾ  നൽകുന്ന സാധനങ്ങളുടെ നീളൻ കുറിപ്പടികൾ വായിക്കാനറിയാതെ കുഴങ്ങി. പണിപോകുമെന്ന പേടിയിൽ  അക്ഷരങ്ങൾ പഠിച്ചുതുടങ്ങി.  സാധനങ്ങളുടെ പേരുകൾ വായിച്ചും എഴുതിയുമായിരുന്നു തുടക്കം. പിന്നെ അക്ഷരമാലകൾ പഠിക്കാൻ പുസ്തകങ്ങളായി. ഒടുവിൽ  എഴുത്തും വായനയും കളിക്കൂട്ടുകാരായി. ഇതിനിടെ പല നാടുകളിൽ തൊഴിൽതേടി സഞ്ചരിച്ചു. കുട നിർമാണം, ഹോട്ടൽ ജോലി,  മരക്കമ്പനിയിൽ ജോലി, ലോട്ടറി വിൽപ്പന എന്നിവയെല്ലാം  ചെയ്തു. കടലിൽ  മത്സ്യബന്ധനത്തിനും പോയി.  ബോട്ടിൽ മംഗലാപുരവും കാർവാറും ഗോവയുംവരെയെത്തിയ ജീവിത സഞ്ചാരങ്ങൾ. കഠിനമേറിയ ആ വഴികളുടെ അനുഭവങ്ങൾ അക്ഷരങ്ങളായി വിരിഞ്ഞു. 
ചെറുപ്പത്തിൽ തന്നെ നല്ല പാട്ടുകാരനായിരുന്നു മൂസക്കോയ.  കൊളത്തറ കാലിക്കറ്റ് ഓർഫനേജ് സ്കൂളിലെ   പ്രധാനാധ്യാപകനായിരുന്ന മുഹമ്മദ് കുട്ടിയാണ്  പാട്ടെഴുത്തിലേക്ക‌്  നടത്തിയത‌്.  അത‌് കവിതയിലേക്കുള്ള വഴിയായി.   മതസൗഹാർദവും, ധാർമികതയും  പ്രണയവും യുദ്ധവും പ്രകൃതി സ്നേഹവുമൊക്കെയാണ് കവിതയിലെ വിഷയങ്ങൾ.
 ‘മനുഷ്യജീവി’ എന്ന നുറുങ്ങു സമാഹാരമാണ് ആദ്യ പുസ്തകം.  ഞാനൊരു ഭൂമി, മൈലാഞ്ചി എന്നിവയും പുറത്തിറങ്ങി.  "ഭൂമി പ്രകാശം’  എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ‌്.  ഒളവണ്ണ തൊണ്ടിൽ കടവ് റോഡിൽ മഞ്ഞക്കോട്ടുനിലത്തായിരുന്നു മുമ്പ‌് താമസം.  ഇപ്പോൾ നല്ലളം ചാലാട്ടിയിൽ മകളോടൊപ്പം വാടകവീട്ടിലാണ്.  പ്രായം 75 പിന്നിടുമ്പോഴും  സ്വന്തം കവിതാ സമാഹാരങ്ങൾ സഞ്ചിയിലാക്കി വിൽപ്പനക്കിറങ്ങുന്ന മൂസക്കോയയുടെ ജീവിതത്തിനിപ്പോഴും വലിയ മാറ്റങ്ങളില്ല. ഭാര്യമാരായ ബിച്ചു പാത്തുമ്മയി, നബീസ എന്നിവർ നേരത്തെ മരിച്ചു. മക്കൾക്കൊന്നും കാര്യമായ ജോലിയില്ല.  പുസ്തകങ്ങളുടെ അച്ചടിപോലും പ്രതിസന്ധിയിലാണ‌്.  എങ്കിലും അക്ഷര സ്നേഹത്തിന് തെല്ലും കുറവില്ല. മുടങ്ങാതെ പിറക്കുന്ന കവിതകളാണ‌് വാർധക്യത്തിൽ കൈവിടാത്ത സുഹൃത്ത‌്. 
പ്രധാന വാർത്തകൾ
 Top