09 July Thursday

ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു കമ്യൂണിറ്റി കിച്ചനുകൾ നൽകിയത‌് 8.9 ലക്ഷം ഭക്ഷണപ്പൊതികൾ

സ്വന്തം ലേഖികUpdated: Tuesday May 19, 2020
കോഴിക്കോട‌്
കോവിഡ‌് ഭീതിയിൽ നാട‌് അടച്ചിടാൻ തുടങ്ങിയതോടെ അന്നത്തിന‌് വകയില്ലാത്തവരുടെ ആധികളായിരുന്നു എല്ലാവരുടെയും മനസ്സിൽ. അടച്ചിടൽ രണ്ട‌് മാസത്തോടടുക്കുമ്പോഴും പക്ഷെ ഇവിടെ ആരും പട്ടിണിയിലായില്ല. ലോക്ക്‌ഡൗൺ ഇളവിൽ ആളുകൾ കരുതലോടെ  സാധാരണ ജീവിതത്തിലേക്ക‌് അടുക്കുമ്പോഴും ഇന്നും സൗജന്യമായി അന്നമൂട്ടുകയാണ‌് ജില്ലയിലെ സാമൂഹിക അടുക്കളകൾ. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഇതുവരെ നൽകിയത‌് 8,91,814 ഭക്ഷണപ്പൊതികളാണ‌്. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ പലയിടത്തും അടുക്കളകളുടെ പ്രവർത്തനം ഇപ്പോൾ അവസാന ഘട്ടത്തിലാണ‌്. 
ജോലിയില്ലാതാകുന്നതോടെ പട്ടിണിയിലാകുന്നവർക്ക‌് താങ്ങാവാനായി സമൂഹ അടുക്കളകൾ ആരംഭിക്കുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം മുതൽ ഇതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി. മാർച്ച‌് 27 നാണ‌് നഗര മേഖലയിൽ അടുക്കള തുടങ്ങിയത‌്. തുടർ ദിവസങ്ങളിലായി ജില്ലയിൽ മൊത്തം 91 അടുക്കളകളാണ‌് പ്രവർത്തിച്ചത‌്. ഇതിൽ 85 ഉം കുടുംബശ്രീ സഹകരണത്തിലാണ‌്. സന്നദ്ധ സംഘടനകളുടെ സഹായത്തിൽ ആറെണ്ണവും. ഓരോ വാർഡുകളിലേക്കും വളന്റിയർമാർ മുഖേനയാണ‌് ഭക്ഷണ വിതരണം നിർവഹിച്ചത‌്. അടുക്കളകളിൽ പാചകത്തിനും പായ‌്ക്ക‌് ചെയ്യാനും മറ്റുമായി കുടുംബശ്രീ പ്രവർത്തകർ സജീവമായുണ്ടായിരുന്നു. 
61,195 പ്രഭാത ഭക്ഷണമാണ‌് ഇതുവരെ കൊടുത്തത‌്. 6,92,347 ഉച്ചഭക്ഷണവും 1,38,272 രാത്രി ഭക്ഷണവും. റമദാൻ വ്രതം തുടങ്ങിയത‌് മുതൽ ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടായി. കടകൾ തുറക്കാനും തൊഴിൽ മേഖല പ്രവർത്തനം തുടങ്ങുകയും ചെയ‌്തതോടെ ആവശ്യമുള്ളവരുടെ എണ്ണം ഇപ്പോൾ പകുതിയിലേറെ കുറഞ്ഞു. തുടർന്ന‌്  51  അടുക്കള പ്രവർത്തനം നിർത്തി. നാല‌് താലൂക്കുകളിലുമായി 10 വീതം അടുക്കള ഇപ്പോഴുമുണ്ട‌്. ശേഷിക്കുന്നവ ആവശ്യം കുറയുന്നതിനനുസരിച്ച‌് വരുംദിവസങ്ങളിൽ പ്രവർത്തനം അവസാനിപ്പിച്ചേക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായവും ഉൾപ്പെടുത്തിയാണ‌് സാമൂഹിക അടുക്കളയിലേക്ക‌ുള്ള ഭക്ഷ്യ വസ‌്തുക്കൾ ഒരുക്കിയത‌്.

 

പ്രധാന വാർത്തകൾ
 Top