16 June Sunday

ഹർത്താലിൽ പരക്കെ അക്രമം

സ്വന്തം ലേഖകൻUpdated: Tuesday Feb 19, 2019
കോഴിക്കോട് 
യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. ജില്ലയിൽ ഗതാഗതം തടസ്സപ്പെടുത്തൽ, അക്രമം എന്നിവയുമായി ബന്ധപ്പെട്ട‌് 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ അക്രമസംഭവങ്ങളിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കുന്നമംഗലത്ത‌് കെഎസ‌്ആർടിസി ബസ‌് അക്രമികൾ തകർത്തു. താമരശേരി ഡിപ്പോയിലെ ബസ്സാണ‌് രാവിലെ കല്ലെറിഞ്ഞുതകർത്തത‌്.  സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു.  കുന്നമംഗലത്ത‌് ഗതാഗതം തടസ്സപ്പെടുത്തിയതിന‌് യൂത്ത‌് കോൺഗ്രസ‌് സംസ്ഥാന സെക്രട്ടറി എം ധനീഷ‌്‌ലാൽ ഉൾപ്പെടെ ഏഴുപേരെ  അറസ‌്റ്റ‌് ചെയ‌്തു. ചെത്തുകടവിൽ റോഡിൽ ടയറുകൾ കൂട്ടിയിട്ട‌് കത്തിച്ച‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പയ്യടിമേത്തൽ, പയ്യടിത്താഴം എന്നിവിടങ്ങളിൽ യൂത്ത‌് കോൺഗ്രസുകാർ ഗതാഗതം തടസ്സപ്പെടുത്തി. മുക്കത്തും  വാഹനങ്ങൾ തടഞ്ഞു.
കൊയിലാണ്ടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ പി ശ്രീധരനെ കടക്കുള്ളിലാക്കി ഹർത്താലനുകൂലികൾ ഷട്ടർ താഴ‌്ത്തി. പൂജാ സ‌്റ്റോഴ‌്സ‌് നടത്തുകയാണ‌് ഇദ്ദേഹം. രാവിലെ സാധനങ്ങൾ വാങ്ങാനെത്തിയവരും ഷട്ടർ താഴ‌്ത്തിയതിനെത്തുടർന്ന‌് കടക്കുള്ളിലകപ്പെട്ടു. പൊലീസ‌് എത്തിയാണ‌് ഇവരെ രക്ഷിച്ചത‌്. അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.
  ബാലുശേരിയിൽ നിർമാണ തൊഴിലാളികളുമായി പിക്കപ്പ‌് വാഹനത്തിലെത്തിയ മേലടി കൊളാരിത്താളെ റഹീമിന‌്(41) മർദനമേറ്റു. കണ്ണിനും കഴുത്തിനും പരിക്കേറ്റ റഹീമിനെ കൊയിലാണ്ടി താലൂക്ക‌് ആശുപത്രിയിലാക്കി. 
വയനാട്ടിലേക്ക‌് പോയ റഹീം ഹർത്താൽ വിവരം അറിഞ്ഞ‌് താമരശേരിയിൽനിന്ന‌് മടങ്ങുകയായിരുന്നു. വാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദനം. അക്രമത്തെത്തുടർന്ന‌് രാവിലെ എട്ടിനുശേഷം പത്തര വരെ കെഎസ‌്ആർടിസി സർവീസ‌് നിർത്തിവച്ചു. പിന്നീട‌് സാധാരണ പോലെ സർവീസ‌് നടത്തിയതായി അധികൃതർ അറിയിച്ചു. തടമ്പാട്ടുതാഴത്ത് വാഹനങ്ങൾ തടഞ്ഞു. കക്കോടിയിൽ തുറന്നുപ്രവർത്തിച്ച കടകൾ അടപ്പിച്ചു. ഡിസിസി ഓഫീസിനു മുന്നിൽ തുറന്ന പെട്രോൾ പമ്പും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. 
കോഴിക്കോട് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ വലിയങ്ങാടി,  പാളയം, മിഠായിത്തെരുവ് എന്നിവിടങ്ങളിൽ  ചില കടകൾ തുറന്നുപ്രവർത്തിച്ചു. നിരവധി ഹോട്ടലുകളും തുറന്നുപ്രവർത്തിച്ചു. മെഡിക്കൽ ഷോപ്പുകളും പ്രവർത്തിച്ചു.  വടകരയിൽ വാഹനങ്ങൾ തടഞ്ഞ ഹർത്താലനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വടകര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രവർത്തകരെ ഉച്ചയോടെ പൊലീസ് വിട്ടയച്ചു. ഫറോക്കിൽ കടകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർത്താലനുകൂലികളും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലയിലെ പ്രധാന മേഖലകളിലെങ്ങും ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കെഎസ്ആർടിസി, റെയിൽവേസ്റ്റേഷൻ, മൊഫ്യൂസിൽ ബസ‌്സ്റ്റാൻഡ്, മിഠായിത്തെരുവ‌് എന്നിവിടങ്ങളിലെല്ലാം പൊലീസ‌് സാന്നിധ്യമുണ്ടായിരുന്നു. 
  നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കമീഷണർ ഓഫീസ് ചുറ്റി മൊഫ്യൂസിൽ ബസ‌് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് നീക്കി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത്  നീക്കി. ഡിസിപി ജെയിംസ് ജോസഫ്, അസി. കമീഷണർമാരായ എ കെ ബാബു, എ വി പ്രദീപ്, കെ പി അബ്ദുൾറസാഖ് എന്നിവരുടെ മേൽനോട്ടത്തിൽ കനത്ത സുരക്ഷയാണ‌് നഗരത്തിലൊരുക്കിയത‌്.
പ്രധാന വാർത്തകൾ
 Top