18 June Tuesday

കുളങ്ങളും കിണറുകളും സംരക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
കോഴിക്കോട്
 കൊടിയ വേനലിന് സാന്ത്വനമേകാൻ നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ജീവജലം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ഷേത്രക്കുളങ്ങളും പള്ളിക്കുളങ്ങളും കിണറുകളും ശുചീകരിച്ച് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം.  ‘ഒരു വിദ്യാലയം ഒരു ജലാശയം' എന്ന ആശയമാണ് സേവ് മുന്നോട്ടുവയ്ക്കുന്നത്. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം തെരഞ്ഞെടുത്ത‌് ശുചീകരിച്ച് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകും.
 ക്ഷേത്രക്കുളങ്ങളെ ക്ഷേത്രകമ്മിറ്റികൾക്കു കീഴിൽ ജനകീയ സമിതികൾ രൂപീകരിച്ച‌് ശുചീകരിച്ച് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ‌് സമീപത്തെ സ്കൂളുകൾ നേതൃത്വം നൽകുക. പള്ളിക്കുളങ്ങളും കിണറുകളും മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച‌് അടുത്തുള്ള സ്കൂളുകളുടെ നേതൃത്വത്തിൽ ശുചീകരിച്ച് സംരക്ഷിക്കും. ക്ഷേത്രക്കുളങ്ങളുടെ ശുചീകരണ സംരക്ഷണ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ കഴിഞ്ഞദിവസം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ‌് ഒ കെ വാസുവിനെ സേവ് പ്രതിനിധികൾ സന്ദർശിച്ചിരുന്നു. സഹകരിക്കാം എന്ന് ബോർഡ് പ്രസിഡന്റ‌് ഉറപ്പുനൽകി. മാർച്ച് 6ന് ചേരുന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ചചെയ്ത‌് തീരുമാനമെടുത്ത്, ക്ഷേത്ര പ്രതിനിധികളെ വിളിച്ചുചേർത്ത് ജലസംരക്ഷണത്തെക്കുറിച്ച് ചർച്ചചെയ‌്ത‌് തുടർ പരിപാടികൾ ആസൂത്രണം ചെയ്യും. പള്ളിക്കുളങ്ങളും കിണറുകളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബുദ്ദീൻ  തങ്ങളെ സേവ്പ്രതിനിധികൾ സന്ദർശിച്ചിരുന്നു. മഹല്ല് ഫെഡറേഷൻ വിളിച്ചുചേർത്ത് ജലസംരക്ഷണത്തെക്കുറിച്ച് ശിൽപ്പശാല നടത്താമെന്നും തുടർ പരിപാടികൾ ആസൂത്രണം ചെയ്യാമെന്നും അദ്ദേഹം ഉറപ്പുനൽകി.
   വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ‌്കുമാർ, പ്രൊഫ. ശോഭീന്ദ്രൻ, സേവ് ജില്ലാ കോ–--ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, അബ്ദുള്ള സൽമാൻ, ഇ എം രാജൻ, വി ഷീജ, ഷൗക്കത്തലി എരോത്ത് തുടങ്ങിയവർ സേവിന്റെ ദൗത്യ സംഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top