01 March Monday

ടി കെ കനൽവഴികളിലെ പോരാളി

സ്വന്തം ലേഖകൻUpdated: Tuesday Jan 19, 2021
 
വടകര
അടിച്ചമർത്തപ്പെട്ട ജനതയെ വർഗബോധത്തിന്റെ പ്രത്യയശാസ്ത്രത്തിനു കീഴിൽ അണിനിരത്തിയ സമര പോരാളി ടി കെ ബാലൻ നായർ ഇനി ഓർമ. കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 
വടകരയിലും പരിസരങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാവായിരുന്നു ടി കെ ബാലൻ നായർ. 1960കളിൽ ജന്മി പ്രമാണിത്തത്തിനെതിരായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചാണ് ബാലൻ നായർ പൊതുപ്രവർത്തന രംഗത്ത് നിലയുറപ്പിച്ചത്. 
ജന്മി ഗുണ്ടാ വിളയാട്ടത്തിനെതിരായ ചെറുത്തുനിൽപ്പിനെ തുടർന്ന്‌ കോട്ടപ്പള്ളി ടൗണിൽ നടന്ന സംഘട്ടനത്തിനും രണ്ടുപേരുടെ മരണത്തിനും ഇടയാക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബാലൻ നായർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ടി കെയുടെ പോരാട്ടങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ്‌  ‘കനൽവഴികളിൽ നിന്നും' എന്ന ഡോക്യുമെന്ററി. 1971 നവംബർ നാലിലെ കോട്ടപ്പള്ളി സംഭവവും തുടർന്ന് കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ നടന്ന സിആർപിയുടെ നരനായാട്ടും പ്രതിപാദിക്കുന്നതാണ് സിനിമ. 
അമ്മത്, എം കേളപ്പൻ, എം നാണു, ടി കെ കുഞ്ഞിരാമൻ, മുഹമ്മദലി, പുതിയോട്ടിൽ കണാരൻ, സി കണ്ണൻ, എം പി ബാലൻ, കെ പി കണാരൻ, തായാട്ട് ചിന്നൻ, നെല്ലിയോട്ട് ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോട്ടപ്പള്ളിയിലും പരിസരങ്ങളിലും നടന്ന ധീരമായ ചെറുത്തുനിൽപ്പും ഈ ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗമായും മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകൾ ഒന്നായിരുന്ന കാലത്ത്‌ അതിന്റെ സെക്രട്ടറിയായും പിന്നീട് തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു. 
1981 ജനുവരിയിൽ ജയിൽമോചിതനായ ശേഷം പ്രവർത്തന രംഗത്ത് വീണ്ടും സജീവമായ ബാലൻ നായർ സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗമായും കോട്ടപ്പള്ളി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. വടകര മേഖലയിൽ കർഷക–-കർഷകത്തൊഴിലാളി സംഘടനാ നേതാവായും ദീർഘകാലം സജീവമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top