15 October Tuesday

വിദ്യാർഥികളെ കണ്ടാൽ ഡബിൾ ബെല്ലടിച്ച്‌ ബസ്സുകാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 ബാലുശേരി 

നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിന് സമീപം പൊലീസ് ഡ്യൂട്ടിക്കില്ലാത്തതിനാൽ വിദ്യാർഥികളെ കയറ്റാൻ സ്വകാര്യ ബസ്സുകൾ മടിക്കുന്നു. ഇതോടൊപ്പം ഒരുസ്ഥലത്ത്‌ രണ്ടു ബസ് സ്റ്റോപ്പുകളുള്ളതും ഗതാഗത നിയന്ത്രണത്തിന് തലവേദനയാകുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെ എതിർദിശയിലാണ് ബാലുശേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും. 
ഒരേസമയം രണ്ടുഭാഗത്തു നിന്നും യാത്രക്കാർ ബസ്സിൽ കയറുന്നതും ഇറങ്ങുന്നതും  അപകട സാധ്യത വർധിപ്പിക്കുന്നു. സ്വകാര്യ ബസ്സുകളുടെ കുത്തകയായിരുന്ന ഈ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയതോടെ എങ്ങനെയെങ്കിലും കലക്‌ഷൻ കൂട്ടുകയെന്ന ദൗത്യവുമായി ബസ്സുകൾ ചീറിപ്പായുകയാണ്‌.  
ബാലുശേരിയിൽനിന്ന്‌ കോഴിക്കോട്ടേക്കുള്ള ബസ്സുകൾ ബാലുശേരി മുക്കിൽ നിർത്തിയിട്ട്‌ തൊട്ടുപിറകെ ബസ് വരുമ്പോഴാണ് പുറപ്പെടുക. ബസ് ജീവനക്കാർ തന്നെ ‘ട്രാഫിക് പൊലീസി’ന്റെ ഡ്യൂട്ടിയെടുക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ബാലുശേരി സ്റ്റേഷൻ പരിധിയിലെ കോക്കല്ലൂരിൽ സ്കൂളിനടുത്ത് ഹോംഗാർഡുണ്ട്. 
സ്‌കൂളിന്‌ സമീപം ഹോംഗാർഡിനെ ഡ്യൂട്ടിക്ക്‌ നിയോഗിക്കണമെന്നും റോഡിൽ ഡിവൈഡർ സ്ഥാപിക്കണമെന്നും കാലങ്ങളായി നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പിടിഎയും പ്രധാന അധ്യാപകനും ആവശ്യപ്പെടുന്നു.  എന്നാൽ ഒന്നിനും പരിഹാരം ആയിട്ടില്ല.  
സ്‌കൂളിന്‌ സമീപം നിർത്താത്ത ബസ്സുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ജോ. ആർടിഒ ദിലീപ് കുമാർ പറഞ്ഞു. നന്മണ്ട സ്കൂൾ എസ്‌പിസിയുടെ പരാതി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച സ്കൂളിന് സമീപത്ത് വെച്ചാണ് സ്വകാര്യ ബസ്സിന്റെ ടയർ കയറി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ കാലിന് പരിക്കേറ്റത്.
പ്രധാന വാർത്തകൾ
 Top