20 September Friday
കല്ലുത്താൻ കടവുകാർ ഫ്ലാറ്റിലേക്ക്‌

നഗരത്തിലെ നരക ജീവിതത്തിന്‌ അറുതി

സ്വന്തം ലേഖികUpdated: Sunday Aug 18, 2019

നിർമാണം പൂർത്തിയാകുന്ന കല്ലുത്താൻ കടവ്‌ ഫ്ലാറ്റ്‌

കോഴിക്കോട്‌
കല്ലുത്താൻ കടവ്‌ കോളനിയിലെ കുടുംബങ്ങളുടെ  ദുരിതജീവിതത്തിന്‌ അറുതിയാവുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ഫ്ലാറ്റിൽ ഇവർക്കിനി അന്തിയുറങ്ങാം. ഒക്‌ടോബർ രണ്ടിന്‌  കോളനിയിലെ 90 കുടുംബങ്ങൾ പുതിയ ഫ്ലാറ്റിൽ താമസമാരംഭിക്കും. ഫ്ലാറ്റും കോളനിയും സന്ദർശിച്ച ശേഷം മന്ത്രി ടി പി രാമകൃഷ്‌ണനാണ്‌ ഇക്കാര്യം കോളനി നിവാസികളെ അറിയിച്ചത്‌.
കാഡ്‌കോ(കല്ലുത്താൻ കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനി)യാണ് ഫ്ലാറ്റ്‌  നിർമാണം നടത്തുന്നത്. ശേഷിക്കുന്ന  പ്രവൃത്തികൾ സെപ്‌തംബർ 25ന്‌ പൂർത്തിയാക്കി കോർപറേഷന്‌ കൈമാറാൻ മന്ത്രി നിർദേശിച്ചു. മണൽ, കല്ല്‌ തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവ്‌ പ്രവൃത്തി നീളാൻ കാരണമായി. അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള അസംസ്‌കൃത വസ്‌തുക്കൾ ലഭ്യമാക്കാൻ കലക്ടർ എസ്‌ സാംബശിവ റാവുവിനെ ചുമതലപ്പെടുത്തി.
140 കുടുംബങ്ങൾക്ക് താമസിക്കാൻ ഏഴ്‌ നിലയുള്ള നാല് കെട്ടിട സമുച്ചയമാണ്‌ നിർമിച്ചത്‌. നാലിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി, ലിഫ്റ്റുകൾ എന്നിവയുണ്ട്. താഴത്തെ നിലയിൽ കടമുറികളും ഫ്ലാറ്റിനോട് ചേർന്ന് ഷോപ്പിങ് കോംപ്ലക്‌സുമുണ്ട്‌. ഒരു കിടപ്പ്‌ മുറി, അടുക്കള, ബാത്ത്‌റൂം, ഡൈനിങ്‌ ഹാൾ എന്നിവയാണ്‌ ഒരു ഫ്‌ളാറ്റിലുള്ളത്‌. നിലത്ത്‌ ടൈലുകൾ പാകി. ഫർണിച്ചർ പ്രവൃത്തികളും ഏറെക്കുറെ കഴിഞ്ഞു. ശേഷിക്കുന്ന ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കും.
2005ൽ ഫ്ലാറ്റ്‌ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും നീണ്ടുപോയി. 2009ൽ ശിലാസ്ഥാപനം നടത്തി.  2014ൽ ആരംഭിച്ച നിർമാണ പ്രവൃത്തികളാണ്‌ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്‌. കരാർ പ്രകാരം 2017 ഡിസംബർ 31ന് പണി പൂർത്തിയാക്കേണ്ടതായിരുന്നു.  കാലതാമസം വരുത്തിയതിന് 1,29,334 രൂപ  കാഡ്‌കോയിൽനിന്ന്‌ പിഴയീടാക്കി.
ഫ്ലാറ്റിന്റെ നിർമാണ പുരോഗതി മന്ത്രി ടിപി രാമകൃഷ്‌ണൻ വിലയിരുത്തി.  പ്രളയത്തിൽ വെള്ളം നിറഞ്ഞതുമൂലം ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന കോളനി നിവാസികളെയും മന്ത്രി സന്ദർശിച്ചു. ഒക്‌ടോബർ രണ്ടിന്‌ ഫ്ലാറ്റ്‌ കൈമാറുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ആളുകൾ  കൈയടിയോടെ സ്വീകരിച്ചു. പത്ത്‌ കിലോ അരി, പായ, പുതപ്പ്‌, പഞ്ചസാര തുടങ്ങി എല്ലാ സാധനങ്ങളും അടങ്ങിയ കിറ്റും മന്ത്രി വിതരണംചെയ്‌തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ സാംബശിവ റാവു, കോർപറേഷൻ  സമിതി അധ്യക്ഷന്മാരായ കെ വി ബാബുരാജ്‌, എം സി അനിൽകുമാർ, എം രാധാകൃഷ്‌ണൻ, സെക്രട്ടറി ബിനു ഫ്രാൻസിസ്‌ എന്നിവരും മന്ത്രിക്ക്‌ ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top