04 August Wednesday

ഋഷിയുടെ ‘സ്‌റ്റെപ്പി’ൽ ചവിട്ടിക്കയറാം ഇ –- ക്ലാസിലേക്ക്‌

സുജിത്‌ബേബിUpdated: Friday Jun 18, 2021
കോഴിക്കോട്‌
പത്താംക്ലാസ്‌ പരീക്ഷ കഴിഞ്ഞ്‌ കളിച്ചുതകർക്കേണ്ട കാലത്താണ്‌ ഋഷി കൃഷ്‌ണ ഒരു ആപ്പിനു പിന്നാലെ കൂടിയത്‌. വെറും ആപ്പല്ല, ഓൺലൈൻ ക്ലാസിലെത്തുന്നവരെയെല്ലാം സ്‌മാർട്ടാക്കുന്ന കിടിലൻ ആപ്പാണ്‌ ഈ പതിനാറുകാരൻ വികസിപ്പിച്ചെടുത്തത്‌. 
ടൈംടേബിൾ, നോട്ടുകൾ, ലൈവ്‌ ക്ലാസ്‌, ക്ലാസ്‌ ടെസ്റ്റുകൾ എന്നിവയെല്ലാം കോർത്തിണക്കിയതാണ്‌ ഋഷിയുടെ ‘സ്‌റ്റെപ്പ്‌’ ആപ്പ്‌. കോവിഡിനു പിന്നാലെ ക്ലാസ്‌മുറികൾ ഓൺലൈനിലേക്ക്‌ മാറിയതിനൊപ്പം ഋഷിയും ആപ്പിനു പിന്നാലെ കൂടിയിരുന്നു. അധ്യാപകർ തയ്യാറാക്കുന്ന നോട്ടുകളും മറ്റും വിദ്യാർഥികൾക്ക്‌ അയച്ചുകൊടുക്കാൻ ഉപകാരപ്പെടുന്ന ‘ആക്ടിവിറ്റീസ്‌’, പഠന–-പരീക്ഷാ സമയങ്ങൾ ഓർമിപ്പിക്കുന്ന ‘ടൈംടേബിൾ’, അധ്യാപകർക്കും കുട്ടികൾക്കും പരസ്‌പരം സംവദിക്കാൻ കഴിയുന്ന ‘ലൈവ്‌ ക്ലാസ്‌’, പിന്നിട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യോത്തരങ്ങളും ക്ലാസ്‌ പരീക്ഷകളും നടത്താൻ കഴിയുന്ന ‘ക്വസ്റ്റ്യൻ ആൻഡ്‌ ആൻസേഴ്‌സ്‌’ എന്നിവയാണ്‌ ആപ്പിലെ പ്രധാന ഭാഗങ്ങൾ. വാട്ട്‌സ്‌ആപ്പിന്റെയും മറ്റും സഹായത്തോടെയാണ്‌ ഓൺലൈൻ ക്ലാസുകളിൽ ഇപ്പോൾ നോട്ടുകൾ നൽകുന്നത്‌. ഈ പരിമിതി മറികടന്ന്‌ എല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനാവുന്നു എന്നതാണ്‌ ഋഷിയുടെ സ്‌റ്റെപ്പിന്റെ പ്രത്യേകത. ഗൂഗിൾ മീറ്റിലൂടെയാണ്‌  ആപ്പിലും ലൈവ്‌ക്ലാസ്‌ ഒരുക്കിയിരിക്കുന്നത്‌. വെബ്‌ആർടിഎക്‌സ്‌ എന്ന സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിലേക്ക്‌ മാറുന്നതോടെ എത്രപേർക്കു വേണമെങ്കിലും ഒരേസമയം ക്ലാസിലിരിക്കാം. ആൻഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ച ആപ്പ്‌ വൈകാതെ ഐഒഎസിലുമെത്തിക്കും.
കട്ടാങ്ങൽ ദയാപുരം റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥിയാണ്‌ ഈ മിടുക്കൻ. സ്‌കൂളിലെ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുത്താണ്‌ കംപ്യൂട്ടർ ഭാഷയുടെയും കോഡിങ്ങിന്റെയും ലോകത്തേക്ക്‌ കടന്നത്‌. 
എവിടെ നിന്നും വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവുന്ന ഹോം ഓട്ടോമേഷൻ സിസ്‌റ്റം ‘മേക്ക്‌ ഇറ്റ്‌ ഈസി’, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സോളാർ കാർ, പവർ ബാങ്ക്‌ എന്നിവയെല്ലാം ഋഷി ഇതിനകം നിർമിച്ചിട്ടുണ്ട്‌.  തത്വ ഫെസ്റ്റ്‌, യങ്‌ ഇന്നവേറ്റേഴ്‌സ്‌ പ്രോഗ്രാം എന്നിവയിൽ അവസാന ഘട്ടംവരെയുമെത്തി. മുക്കം സിഎച്ച്‌സിയിലെ ഡോ. സി കെ ഷാജിയുടെയും രജിക കാമത്തിന്റെയും മകനാണ്‌. ഏഴാം ക്ലാസ്‌ വിദ്യാർഥിനി തൃഷ്‌ണ നന്ദ  സഹോദരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top