മലപ്പുറം /കോഴിക്കോട്
കോഴിക്കോട്–-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിൽ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾതകർന്നത് ഹൈഡ്രോളിക് ജാക്കിയിലെ സാങ്കേതിക തകരാറുകൊണ്ടെന്ന് കിഫ്ബിയിൽനിന്നുള്ള വിദഗ്ധസംഘത്തിന്റെ പ്രാഥമിക നിഗമനം. ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള പിഡബ്ല്യുഡി ആഭ്യന്തര വിജിലൻസ് സംഘം ബുധനാഴ്ച ഇവിടം പരിശോധിക്കും. കോഴിക്കോടുനിന്നുള്ള പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം തിങ്കളാഴ്ച പരിശോധിച്ചിരുന്നു.
കിഫ്ബി വിദഗ്ധസംഘത്തിന്റെ പരിശോധനയിൽ നിർമാണത്തിൽ അശാസ്ത്രീയമായി ഒന്നും കണ്ടെത്താനായിട്ടില്ല. തൂണുകൾക്ക് ആവശ്യമായ നീളവും വണ്ണവുമുള്ളതായും കണ്ടെത്തി. സ്ലാബുകൾ ഘടിപ്പിക്കുന്നതിലെ സാങ്കേതിക തകരാറാകാം അപകടത്തിന് വഴിയൊരുക്കിയതെന്നാണ് നിഗമനം. നിർമാണ സാമഗ്രികളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇവ ശാസ്ത്രീയമായി പരിശോധിച്ചശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
പാലത്തിന്റെ മൂന്നൂബീമുകൾ തിങ്കളാഴ്ച രാവിലെയാണ് തകർന്നത്. ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്ത്തുമ്പോൾ ഹൈഡ്രോളിക് ജാക്കികളിലൊന്ന് പ്രവർത്തിക്കാതായതോടെയാണ് ബീം താഴ്ന്നത്. 309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 90 ശതമാനം നിർമാണവും പൂർത്തിയായിരിക്കെയാണ് അപകടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..