17 August Saturday
ദത്തെടുക്കാം

ഒന്നരമാസത്തിനിടെ വന്ധ്യംകരിച്ചത്‌ 277 നായകളെ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
കോഴിക്കോട‌്
തെരുവ‌ുനായ പ്രജനനം കുറയ‌്ക്കുന്നതിനുള്ള  ആനിമൽ ബർത്ത‌് കൺട്രോൾ(എബിസി) പദ്ധതി പ്രകാരം നഗരപ്രദേശങ്ങളിൽ   വന്ധ്യംകരിച്ചത‌് 277 നായകളെ.  മാർച്ചിൽ പൂളക്കടവിൽ പ്രവർത്തനമാരംഭിച്ച എബിസി ആശുപത്രിയിലാണ‌് വന്ധ്യംകരണം നടന്നത‌്.   കോഴിക്കോട‌് കോർപറേഷൻ മേഖലകളിലെ തെരുവ‌ുനായ ശല്യത്തിന‌്    പരിഹാരം കാണാനാണ‌് എബിസി ആശുപത്രി സജ്ജമാക്കിയത‌്.   മാർച്ച‌് ആദ്യമാണ‌് ഉദ‌്ഘാടനം കഴിഞ്ഞത‌്.    തുടർന്നാണ‌് നായകളുടെ വന്ധ്യംകരണത്തിൽ കാര്യമായ പുരോഗതി നേടാനായത‌്. ദിവസം ശരാശരി 15 നായകളെ പിടിച്ച‌് വന്ധ്യംകരിക്കുന്നുണ്ട‌്.  അടുത്ത മാസത്തോടെ അത‌് 20 ആയി ഉയർത്തും. മാസം 500 നായകളെ പിടിച്ച‌് വന്ധ്യംകരിക്കുക എന്നതാണ‌് ലക്ഷ്യം. 
      കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ നഗരമേഖലകളിൽ 130162 തെരുവ‌ുനായകളുണ്ടെന്നാണ‌് കണ്ടെത്തിയത‌്. ഈ വർഷം നായകളുടെ എണ്ണം ഇരട്ടിയാകാനാണ‌് സാധ്യത.   ഇവയെ വന്ധ്യംകരിക്കാനും പദ്ധതി ഫലപ്രദമാകാനും അഞ്ച‌ുവർഷം വേണ്ടി വരും.   നാല‌് നായപിടുത്തക്കാരും ഡ്രൈവറും അടങ്ങുന്ന സംഘം രാവിലെ ആറ‌് മുതൽ 10 വരെയാണ‌് നായയെ പിടിക്കാൻ ഇറങ്ങുക. ലഭിക്കുന്ന പരാതിയനുസരിച്ചാണ‌് ശല്യം കൂടുതലുള്ള മേഖലകളിൽ ഇവരെത്തുന്നത‌്. അതത‌് വാർഡ‌് കൗൺസിലറെ ബന്ധപ്പെട്ട ശേഷമാണ‌്  സംഘം സ്ഥലത്തെത്തുക.  നായകളെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക‌് ദത്തെടുക്കാനും അവസരമുണ്ട‌്. നേരത്തെ മലാപ്പറമ്പ‌് ഗവ.  പോളിടെക‌്നിക്കിലെ ജീവനക്കാർ ചേർന്ന‌്   വന്ധ്യംകരിച്ച  നായക്കുട്ടിയെ ദത്തെടുത്തിരുന്നു. 
 തെരുവുനായകളെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ‌്ത‌് മുറിവുണങ്ങിയശേഷം പ്രതിരോധ കുത്തിവയ‌്പ്പ് നൽകി പിടിച്ച സ്ഥലത്ത‌ുതന്നെ വിടുന്ന പദ്ധതിയാണ‌് എബിസി. ഓരോ വർഷവും ആശുപത്രിയിൽ പ്രതിരോധ കുത്തിവയ‌്പ്പും നൽകും. ഓപ്പറേഷൻ സെന്റർ, നായകളെ പാർപ്പിക്കാനുള്ള സ്ഥലം, ശസ‌്ത്രക്രിയ കഴിഞ്ഞ നായകളെ സംരക്ഷിക്കാൻ 19 കൂടുകൾ, രോഗമുള്ളവയെ സംരക്ഷിക്കാനുള്ള സ്ഥലം, ശീതീകരിച്ച വാർഡ്  തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയുണ്ട‌്.  
പ്രധാന വാർത്തകൾ
 Top