26 February Wednesday

വിജ്ഞാനത്തിന്‌ സാമൂഹികമാനം നഷ്‌ടമാകുന്നു: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

കെഎസ്‌ടിഎ ജില്ലാകമ്മിറ്റിയുടെ ‘മേധ’ അധ്യാപക സാംസ്‌കാരിക വേദി പഠനകേന്ദ്രത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തുന്നു

കോഴിക്കോട്‌
സാമൂഹിക ജീവിതവുമായി ബന്ധമില്ലാതെ വിജ്ഞാനം കേവലം വസ്‌തുവൽക്കരിക്കപ്പെടുന്നതായി ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. കെഎസ്‌ടിഎ ജില്ലാകമ്മിറ്റി ആരംഭിച്ച ‘മേധ’ അധ്യാപക സാംസ്‌കാരിക വേദി പഠനകേന്ദ്രം ഉദ്‌ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടായി ശാസ്‌ത്രമുൾപ്പെടെ അറിവുകൾ നമ്മുടെ സാമൂഹിക, ചരിത്ര മണ്ഡലത്തിലേക്ക്‌ പരിവർത്തനം ചെയ്യപ്പെടുന്നില്ല. ശാസ്‌ത്രജ്ഞർ പുരാണവുമായി ബന്ധപ്പെടുത്തി യുക്തിരഹിതമായ അസംബന്ധങ്ങൾ പറയുന്നത്‌ കേവല തത്വമായി മാത്രം ശാസ്‌ത്രത്തെ കാണുന്നതുകൊണ്ടാണ്‌. ശാസ്‌ത്രം സാമൂഹിക ക്രമങ്ങളെ ചോദ്യം ചെയ്‌തും അതിജീവിച്ചും വളർന്നതിനാലാണ്‌ പൊതുവിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെട്ടത്‌. എന്നാൽ ഇന്നതുണ്ടാകുന്നില്ല. ചുറ്റുമുള്ള മറ്റു കാര്യങ്ങൾ അറിയാൻ ശ്രമിക്കാതെ പഠനവിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണതയാണ്‌ കുറേ കാലമായുള്ളത്‌. അതുകൊണ്ടാണ്‌ ശസ്‌ത്രജ്ഞരായിരിക്കെ ചിലർ  അന്ധവിശ്വാസങ്ങൾക്കും കുടപിടിയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സജീഷ്‌ നാരായണൻ അധ്യക്ഷനായി. ഇ എം രാധാകൃഷ്‌ണൻ, ഡോ. യു ഹേമന്ത്‌കുമാർ, എം കെ മോഹൻകുമാർ, ടി കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top