നാദാപുരം
അരീക്കരക്കുന്നിനോട് ചേർന്നുള്ള അന്ത്യേരി പ്രദേശം കൈവശക്കാർക്ക് പതിച്ചുനൽകാൻ വടകര താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ്. മുന്നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന അന്ത്യേരിയിലെ ഭൂമിക്ക് ആയഞ്ചേരി കോവിലകവും ജോർജ് ആൻഡ് കമ്പനിയും അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഭൂമിയുടെ രേഖ പരിശോധിച്ച കോടതി കേസ് തീർപ്പാക്കാൻ ലാൻഡ് ബോർഡിനോട് നിർദേശിച്ചു. ഇതിനെ തുടർന്ന് ആയഞ്ചേരി കോവിലകത്തിന്റെയും ജോർജ് ആൻഡ് കമ്പനിയുടെയും വാദം തള്ളിയ ബോർഡ്, കൈവശക്കാരായ പ്രദേശ വാസികൾക്ക് ഭൂമി കൈമാറാൻ ഉത്തരവിടുകയായിരുന്നു. നാദാപുരത്തും മഞ്ഞപ്പള്ളിയിലും നിരവധി തവണ സിറ്റിങ് നടത്തി രേഖകൾ പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടത്.
2007ല്‍ ചെക്യാട് വില്ലേജിലെ കുറുവന്തേരി, വിളക്കോട്ടൂര്‍ ദേശങ്ങളിലെ 273.79 ഏക്കര്‍ ഭൂമി ബിഎസ്എഫ് കേന്ദ്രത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമിയോടൊപ്പം അന്ത്യേരി പ്രദേശത്തെ മുന്നൂറിലേറെ കുടുംബങ്ങളുടെ ഭൂമിയും ഉള്‍പ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതോടെ റവന്യൂ അധികൃതർ
നികുതി സ്വീകരിക്കാതായി. ഭൂ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും സമരം തുടങ്ങുകയുംചെയ്തു. ഇ കെ വിജയൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ഭൂമി കൈവശക്കാർക്ക് പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനവും നൽകി.
എഴുപത് വീടുകളിലായി മൂന്നൂറ് കുടുംബങ്ങളും ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന ലക്ഷംവീട് കോളനിയും രണ്ട് അങ്കണവാടികളും ആരാധനാലയങ്ങളും പഞ്ചായത്ത് ശ്മശാനത്തിനായി കണ്ടെത്തിയ രണ്ട് ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉള്‍പ്പെടുന്നു.
ഈ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. പഞ്ചായത്ത് വീട് നിര്‍മിക്കാന്‍ പണം അനുവദിച്ചിട്ടും കരം അടച്ച രശീതി ഹാജരാക്കാന്‍ കഴിയാത്തതിനാൽ പലർക്കും വീട് വയ്ക്കാനായില്ല.
വീടുകളുടെ അറ്റകുറ്റപ്പണികള്‍പോലും നടത്താന്‍ കഴിയാത്ത ദുരിതപൂര്‍ണമായ കാലത്തിന് ഈ ഉത്തരവോടെ പരിഹാരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..