കുറ്റ്യാടി > ആർഎസ്എസ് കേന്ദ്രത്തിൽനിന്ന് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ പിടികൂടി. കുന്നുമ്മൽ പഞ്ചായത്തിലെ കുളങ്ങരത്ത് പറമ്മൽ കുഞ്ഞികൃഷ്ണന്റെ പറമ്പിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. അതിർത്തിയിലെ മൺഭിത്തിയിൽ ദ്വാരമുണ്ടാക്കി പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. വിവരമറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി എസ്ഐ ടി പി റഫീഖിന്റെ നേതൃത്വത്തിൽ നാദാപുരത്തു നിന്നെത്തിയ ബോംബ് സ്ക്വാഡും പയ്യോളിയിൽനിന്നെത്തിയ ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തി. തെരച്ചിലിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി.
പത്ത് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോബും രണ്ട് പൈപ്പ് ബോംബും രണ്ട് നാടൻ ബോബും, ബോംബ് നിർമാണത്തിനുള്ള വെടിമരുന്നുകളും ചരടുകളും കണ്ടെത്തി. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ പറമ്പിനു സമീപത്താണ് ആർഎസ്എസ് കായികപരിശീലനം നടത്തുന്ന ശാഖ പ്രവർത്തിച്ചത്. മാത്രവുമല്ല രണ്ടുവർഷംമുമ്പ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ പ്രദേശം കൂടിയാണ് സ്ഫോടകശേഖരം കണ്ടെത്തിയ പാറേമ്മൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..