20 November Wednesday

പ്രവാസികൾക്ക് സഹായവുമായി നോർക്കയും ജില്ലാ ബാങ്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കോഴിക്കോട്‌
സംസ്ഥാന സർക്കാരിന്റെ  പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോർക്കയും  കോഴിക്കോട് ജില്ലാ സഹകരണ ബാങ്കും സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസും ചേർന്ന്‌ നടത്തിയ പ്രവാസി മിത്രാ വായ്പയോഗ്യതാ നിർണയ ക്യാമ്പും സംരംഭകത്വ പരിശീലനവും കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്നു.  കോർപറേഷൻ കൗൺസിലർ  അഡ്വ. പി എം നിയാസ്  ഉദ്ഘാടനം  ചെയ്തു.   
രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത ശേഷം തിരിച്ചെത്തിയ പ്രവാസികൾക്ക് സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനാണ്  നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട്‌സ് ഫോർ റിട്ടേൺ  എമിഗ്രന്റ്‌സ് (NDPREM)  പദ്ധതി നടപ്പാക്കിയത്.  
പരമാവധി 20 ലക്ഷം രൂപ അടങ്കൽ മൂലധന ചെലവുവരുന്ന  പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും ആദ്യ നാലുവർഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും നൽകി ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണ്  പദ്ധതി.  ക്യാമ്പിൽ അഞ്ഞൂറിലധികം  പേർ പങ്കെടുത്തു. 
ഉദ്ഘാടന ചടങ്ങിൽ കെഡിസി ബാങ്ക് അഡ്മിനിസ്‌ട്രേറ്ററും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുമായ വി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ കെ പി അജയകുമാർ, സിഎംഡി അസോസിയേറ്റ് പ്രൊഫസർ കെ വർഗീസ്, നോർക്ക റൂട്‌സ് ജനറൽ മാനേജർ ഡി ജഗദീശ്, കെഡിസി  ബാങ്ക് ഡിജിഎം എൻ നവനീത് കുമാർ  എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top