22 February Saturday

കൃഷിയിലേക്ക്‌ വഴി തുറന്ന്‌ എൻഐടി

പി കെ സജിത്‌Updated: Thursday Oct 17, 2019

ഡോ.ലിസ ശ്രീജിത്തും തോട്ടാമറ്റത്തിൽ വർഗീസും കൃഷിയിടത്തിൽ

കോഴിക്കോട്‌
 കൃഷിയുടെ രസതന്ത്രമറിഞ്ഞ് മണ്ണ് ഒരുക്കിയപ്പോൾ കാർഷികരംഗത്തും പുതുവഴി വെട്ടുകയാണ് ചാത്തമംഗലത്തെ എൻഐടി ക്യാമ്പസ്. ശാസ്ത്ര-സാങ്കേതിക വൈജ്ഞാനിക മേഖലകൾക്കൊപ്പം കൃഷിയും ഇവിടെ ഗവേഷണ വിഷയമാണെന്ന്‌ തോന്നും. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സമീപം കാടുമൂടി കിടന്ന  രണ്ടരയേക്കർ ഭൂമിയിലാണിപ്പോൾ പച്ചക്കറികൾ വിളയുന്നത്‌.  കൃഷി ഇന്നിവർക്ക് ഏതെങ്കിലും ഒരു പാഠഭാഗമോ ഒഴിവുസമയത്തെ നേരമ്പോക്കോ അല്ല. ജീവിതഭാഗംകൂടിയാണ്. 
ഈസ്‌റ്റ്‌ ബ്ലോക്കിന് ചുറ്റും കണ്ണോടിച്ചാൽ മനസ്സിൽ നിറയുക നന്മയുടെ പച്ചപ്പ്‌. മൂന്നു ഭാഗങ്ങളിലും വരിവരിയായി വെണ്ടയും വഴുതനയും, രണ്ടടിയിലേറെ ഉയരമുള്ള പയർ–- കോവയ്ക്ക വള്ളികളിൽ സമൃദ്ധിയുടെ പച്ചപ്പ്. പന്തലുകളിൽ മൂത്തുപാകമെത്തിയ കയ്പയും പടവലവും. ചുറ്റും ചീരയും തക്കാളിയും പച്ചമുളകും. കൂടാതെ ഇഞ്ചി, മഞ്ഞൾ, ചെറുകിഴങ്ങ്, മരച്ചീനി, ചേന, ചേമ്പ്, വാഴ, കൂർക്ക, കറിവേപ്പ്‌, പപ്പായ... സമഗ്രമാണ് ഈ കൃഷിയിടം. ഒപ്പം വിളവെടുക്കാറായ മത്സ്യകൃഷിയും. ക്യാമ്പസിനെ ഹരിതാഭമാക്കിയതിന്റെ ക്രെഡിറ്റ് ഡോ. ലിസ ശ്രീജിത്തിനാണ്. ആ ആത്മവിശ്വാസത്തിന് കൂട്ടായി  കോടഞ്ചേരി കൃഷിഭവനിലെ മികച്ച കർഷകൻ തോട്ടാമറ്റത്തിൽ വർഗീസിനെ കുടി ലഭിച്ചതോടെ  കൃഷിയിടത്തിൽ വിളയുന്നത് വിജയത്തിന്റെ നൂറുമേനി. 
2012ൽ രസതന്ത്ര വിഭാഗത്തിലെ ഡോ. ലിസ ശ്രീജിത് ഗ്രീൻ മിഷൻ കൺവീനറായിരിക്കെയാണ്‌ ക്യാമ്പസിലെ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. അത്‌ മാറ്റത്തിലേക്കുള്ള ചുവടുവെപ്പായി. നിറവ് വേങ്ങേരിയുമായി ചേർന്ന് 16.8 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഒറ്റയടിക്ക് ക്യാമ്പസിൽനിന്ന്‌ നീക്കിയത്. ഇതിനിടെയാണ് ക്ലാസ് മുറികളുടെയും ലാബിന്റെയും പരിസരം കാടുമൂടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
 ഭീഷണിയായി പാമ്പുകളും മറ്റു ഇഴജന്തുക്കളും. വിഷരഹിത പച്ചക്കറി എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ നടക്കുമോ എന്നായി. ഒടുവിൽ 36 പേരടങ്ങുന്ന അഗ്രോ ക്ലബ് രൂപീകരിച്ച് ചുറ്റുപാടും കൃഷിക്ക് അനുയോജ്യമാക്കി. ഇതോടെ ആശങ്കയോടും ഉൾഭയത്തോടും ക്ലാസുകളിയും ലാബിലും കഴിഞ്ഞ വിദ്യാർഥികളുടെ മുഖത്തും വിടർന്നു നിറപുഞ്ചിരി.
ക്യാമ്പസിലെ ടെറസിൽ വീഴുന്ന മഴവെള്ളം ഒരു തുള്ളിപോലും പാഴാക്കാതെ ചെലവുകുറഞ്ഞ രീതിയിൽ ഉപയോഗിക്കുന്നുവെന്നതാണ് ഈ ജൈവകൃഷിയുടെ മറ്റൊരു സവിശേഷത. 
മഴവെള്ള സംഭരണികളിലും വലിയ ടാങ്കുകളിലും ശേഖരിക്കുന്നതിനു പുറമെ കിണർ, കുഴൽ കിണർ എന്നിവ റീചാർജ് ചെയ്യാനും മഴവെള്ളം ഉപയോഗിക്കുന്നു. 
വർഷത്തിൽ മൂന്നുതവണയാണ് ക്യാമ്പസിൽ പച്ചക്കറി കൃഷിചെയ്യുന്നത്. കൃഷി പച്ചപിടിച്ചതോടെ ആവശ്യക്കാരും ഏറി. അതത് ദിവസം വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ അന്നന്നുതന്നെ വിൽക്കുകയാണ്‌ പതിവ്‌. ഇതിനായി ക്യാമ്പസിനകത്ത് ‘വിഭവ്' എന്ന ജൈവസ്റ്റാളും ആരംഭിച്ചിട്ടുണ്ട്‌.  വൈകിട്ട് നാലുമുതൽ അഞ്ചുവരെയാണ്‌  പ്രവർത്തനസമയം.  പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമെ  മൂല്യവർധിത ഉൽപ്പന്നങ്ങളായ ചക്ക ഹൽവ, അച്ചാറുകൾ, ജാമുകൾ, മഞ്ഞൾ പൊടി, മുളകുപൊടി എന്നിവയും വിൽപ്പനയ്‌ക്കുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top