21 October Monday

വീശിയാൽ മീനല്ല, വല നിറയെ സമ്മാനം

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019
 
പന്തീരാങ്കാവ് 
പുഴക്കരയിൽ വീശുവലയുമായി വരിയായി യുവാക്കൾ. ഓരോരുത്തരായി കൈയിലുള്ള വല പുഴയിലേക്ക് വീശിയെറിഞ്ഞു. ശേഷം പതിയെ വലിച്ചുകയറ്റി. കരയിലെത്തിച്ച വലയിൽ ഒരൊറ്റ മീൻപോലുമില്ല, അയ്യടാ...! ഇതെന്ത് കളിയെന്ന് അന്വേഷിച്ചപ്പോഴാണ് സംഗതി അറിഞ്ഞത്. മീൻ പിടിക്കാനുള്ള വലയേറല്ല നടക്കുന്നത്, ഇത്‌ ചെറിയൊരു മത്സരമാണ് -- സമ്മാനങ്ങൾ ഏറെയുള്ള ‘വലവീശ് മത്സരം'.
കുന്നത്തുപാലം ഫുട്ബോൾ ഫാൻസ് അസോസിയേഷനാണ് ഓണക്കാലത്ത് വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചത്. നിറ‍ഞ്ഞുകവിഞ്ഞ മാമ്പുഴയായിരുന്നു വേദി. കുന്നത്തുപാലത്തെ ചീർപ്പിനു സമീപമാണ് മത്സരം നടന്നത്. പുഴയിൽ ആറ് മീറ്റർ നീളവും വീതിയുമുള്ള കോർട്ട്. അതിന്റെ അകത്തട്ടിൽ വീഴത്തക്ക വിധമാണ് വീശേണ്ടത്. കോർട്ടിന് രണ്ടു മീറ്റർ വിട്ടാണ്  12 അടി നീളമുള്ള വല വീശേണ്ടത്. ഒരു മത്സരാർഥിക്ക് നാലു മിനിറ്റ്‌  സമയവും മൂന്ന് അവസരവും നൽകി. നാട്ടിലെ പഴമക്കാരായ വലവീശുകാരോട് കൂടിയാലോചിച്ചായിരുന്നു നിയമാവലി തയ്യാറാക്കിയത്. 
ഓണക്കാലത്ത് ഉറിയടിയും സ്‌പൂണിൽ നാരങ്ങവച്ചുള്ള  ഓട്ടവും കണ്ടുമടുത്ത നാട്ടുകാരിൽ വലയേറ് മത്സരം തെല്ലൊരാവേശം പടർത്തി. ഇരുപതിലധികം പേർ പങ്കെടുത്ത മത്സരത്തിൽ തൊണ്ടിലക്കടവ് സ്വദേശി പ്രജു ഒന്നാം സമ്മാനാർഹനായി. വിജേഷ് രണ്ടാം സ്ഥാനം നേടി. ക്യാഷ് അവാർഡും  ട്രോഫിയുമായിരുന്നു വിജയികൾക്കുള്ള സമ്മാനങ്ങൾ. 
ആവശ്യത്തിന് സ്പോൺസർമാരെ ലഭിച്ചാൽ വിപുലമായ രീതിയിൽ  മത്സരം ഇനിയും സംഘടിപ്പിക്കുമെന്ന് സംഘാടകരിലൊരാളായ റിനീഷ് കുന്നത്തുപാലം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top