06 October Thursday
ഒഴിവായത് വൻ ദുരന്തം

ടാങ്കർ ലോറിയിൽ ഇന്ധനച്ചോർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ടാങ്കർ ലോറിയിലെ ഇന്ധന ചോർച്ചയെ തുടർന്ന് റോഡിലൊഴുകിയ ഇന്ധനം ഫോം ഉപയോഗിച്ച് നിർവീര്യമാക്കുന്നു

വടകര 
ഫാറൂഖിലെ ഐഒസി പ്ലാന്റിൽനിന്ന്‌ കൂത്തുപറമ്പിലെ വേണാട് ഫ്യുവൽസിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറിൽ ഇന്ധനച്ചോർച്ച. പിന്നിൽനിന്നുള്ള വാഹന യാത്രക്കാർ പിന്തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ടാങ്കർ ലോറി പുതുപ്പണം ജില്ലാ പൊലീസ് മേധാവി ഓഫീസിനുസമീപം നിർത്തി പരിശോധിച്ചപ്പോഴാണ് രണ്ടിടങ്ങളിൽനിന്നായി ചോർച്ച കണ്ടെത്തിയത്. ചൊവ്വ പകൽ ഒന്നോടെയാണ് സംഭവം. വടകര പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. 
ടാങ്കറിന്റെ ഒരു അറയിൽ 6000 ലിറ്റർ പെട്രോളും മറ്റുരണ്ട് അറകളിലായി 8000 ലിറ്റർ ഡീസലുമാണ് ഉണ്ടായിരുന്നത്. ടാങ്കിന്റെ രണ്ടിടങ്ങളിലായി തുരുമ്പെടുത്ത് ദ്രവിച്ചതാണ് ചോർച്ചയ്ക്ക് കാരണമായത്. ചോർച്ചയുള്ള സ്ഥലങ്ങളിൽ ന്യൂ മാറ്റിക്ക് ബാഗ് ഉപയോഗിച്ച് താൽക്കാലികമായി ചോർച്ചയടച്ചു. ഫോം ഉപയോഗിച്ച് റോഡിൽ തളംകെട്ടിയ ഇന്ധനം നിർവീര്യമാക്കി. ഉച്ചസമയമാത്ത്‌ കനത്ത ചൂടിൽ  തീ പടരാൻ സാധ്യതയുള്ളതിനാൽ സേനയുടെ സന്ദർഭോചിതമായ ഇടപെടലാണ്‌ വൻ അപകടം  ഒഴിവാക്കിയത്. അടുത്തുള്ള ജ്യോതി പെട്രോൾ പമ്പിലേക്ക് ഇന്ധനം മാറ്റാൻ ഐഒസി അധികൃതർ നിർദേശിച്ചെങ്കിലും കലക്ടറുടെ അനുമതിയില്ലാത്തതിനാൽ പെട്ടെന്ന് മാറ്റാൻ കഴിഞ്ഞില്ല. 
ദേശീയപാതയിൽ ഗതാഗതതടസ്സം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ടാങ്കർ തള്ളിനീക്കി റോഡ് അരികിലേക്ക് മാറ്റി. പകൽ മൂന്നോടെ സ്ഥലത്തെത്തിയ ആർഡിഒ സി ബിജു കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ വാഹനത്തിന്റെ സുരക്ഷയിൽ കരിമ്പനപ്പാലം ജ്യോതി പെട്രോളിയത്തിലേക്ക് ഇന്ധനം മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top