24 August Saturday

കയറുൽപ്പാദനത്തിൽ ജില്ല കുതിക്കുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2019

 

 
കോഴിക്കോട‌്
ജില്ലയിൽ കയറുൽപ്പാദനത്തി​ലും വിപണനത്തിലും വൻ വർധന. കൈപ്പിരിക്ക‌് പകരം ഇലക‌്ട്രോണിക‌്സ‌് റാട്ടകൾ വ്യാപകമായതോടെയാണ‌് ഉൽപ്പാദനം കൂടിയത‌്.  
 2018–-19 വർഷത്തിൽ 7200.97 ക്വിന്റൽ കയറാണ‌് ഉൽപ്പാദിപ്പിച്ചിരിക്കുന്നത‌്.  ഇത‌് മുൻവർഷത്തേക്കാൾ 2000 ക്വിന്റൽ കൂടുതലാണ‌്. കഴിഞ്ഞവർഷം 5550.98 ക്വിന്റലായിരുന്നു കയറുൽപ്പാദനം. ജില്ലയിലെ 58 കയർ സഹകരണ സംഘങ്ങളിൽനിന്നും 12 ഇന്റഗ്രേറ്റഡ്‌ ഡിഫൈബർ യൂണിറ്റുകളിൽനിന്നുമാണ‌് വിവിധരൂപത്തിലുള്ള കയറുൽപ്പാദിപ്പിക്കുന്നത‌്.  
  2015–-16 വർഷത്തിൽ 4702.21 ക്വിന്റലായിരുന്ന കയറുൽപ്പാദനം.  2016–-17ൽ   5243.67 ആയി ഉയർന്നു. 2017–-18ൽ 5550.98 ക്വിന്റലായും ഈ വർഷം  7200 ആയും ഉയർന്നു.   ഓരോ വർഷവും ശരാശരി ആയിരം ക്വിന്റലിന്റെ വർധന പ്രകടമാകുന്നതായി ജില്ലാ കയർ പ്രോജക്ട‌് ഓഫീസ‌് ഉദ്യോഗസ്ഥർ പറയുന്നു. 
ജില്ലയിലെ 58 കയർ സംഘങ്ങൾക്കുപുറമെ  പേരാമ്പ്ര, ബേപ്പൂർ, കടലുണ്ടി, ഫറോക്ക‌്, ഒടുമ്പ്ര, ഇരിങ്ങല്ലൂർ, അന്നശേരി, കുറുവങ്ങാട‌്, ചേലിയ, പാലയാട‌്, വടകര, മൂരാട‌് എന്നിവിടങ്ങളിലെ ഡീഫൈബർ യൂണിറ്റുകളിലും ഉൽപ്പാദന വർധന പ്രകടമാണ‌്.  കയർ, ചൂടി, മാറ്റുകൾ, ബ്രഷുകൾ, കയർ  ഭൂവസ‌്ത്രം, അലങ്കാര വസ‌്തുക്കൾ തുടങ്ങിയവയാണ‌് സംഘങ്ങളിൽനിന്നും ഡീഫൈബർ യൂണിറ്റുകളിൽനിന്നും പ്രധാനമായും നിർമിക്കുന്നത‌്. ഇവ ‌ കയർഫെഡ‌് വഴിയാണ‌് വിൽപ്പന .  
കയർ തൊഴിലാളികൾക്ക‌് 350 രൂപ മിനിമംകൂലി ഉറപ്പാക്കിയിട്ടുണ്ട‌്.  1413 യന്ത്രവൽകൃത റാട്ടകളാണ‌് ചകിരിമില്ലുകൾക്ക‌് അടുത്തകാലത്തായി വിതരണംചെയ‌്തത‌്.  680 തൊഴിലാളികൾക്ക‌് പരിശീലനവും നൽകി. നാഷണൽ കയർ റിസർച്ച‌് ആൻഡ‌് മാനേജിങ‌് ഇൻസ‌്റ്റിട്ട്യൂട്ട‌്  ആണ‌് തൊഴിലാളികൾക്ക‌് പരിശീലനം നൽകിയത‌്. 
കൈകൊണ്ട‌് ദിവസം  മൂന്നര കിലോ കയർ പിരിക്കുമ്പോൾ യന്ത്രത്തിലൂടെ അത‌് പത്ത‌് കിലോ ആയി ഉയർന്നു. 
ഓട്ടോമാറ്റിക്‌ സ‌്പിന്നിങ‌് മെഷീൻകൂടി വരുന്നതോടെ ഉൽപ്പാദനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. ഇത്തരം യന്ത്രത്തിലൂടെ ദിവസം 70 കിലോ കയർ ഉൽപ്പാദിപ്പിക്കാൻ കഴിയും. ജില്ലയിൽ ഇത്തരം  80 യന്ത്രങ്ങൾ ലഭ്യമാക്കാൻ കയർ വികസന വകുപ്പിന് അപേക്ഷ നൽകിയതായി അധികൃതർ പറയുന്നു. 
തൊണ്ട‌് സംഭരണമാണ‌് നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത‌്.  ചകിരി നിർമാണത്തിന‌് കൂടുതൽ  തൊണ്ട‌് ലഭിക്കുന്നില്ല. തമിഴ‌്നാട്ടിൽ നിന്നുള്ള സംഘം കൂടുതൽ വിലനൽകി തൊണ്ട‌് ശേഖരിക്കുന്നത‌് പ്രതിസന്ധി രൂക്ഷമാക്കുന്നു.
പ്രധാന വാർത്തകൾ
 Top