24 August Saturday

മടപ്പള്ളി ഗവ. കോളേജിന്‌ നാക്‌ എ ഗ്രേഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

 

വടകര
മടപ്പള്ളി ഗവ. കോളേജിന്‌ നാക്–- പിയർ സംഘത്തിന്റെ പരിശോധനയിൽ എ ഗ്രേഡ്‌ ലഭിച്ചതായി പ്രിൻസിപ്പൽ ഡോ. പി കെ മീര അറിയിച്ചു. നാക‌ിന്റെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിലയിരുത്തയിൽ സംസ്ഥാനത്ത‌് എ ഗ്രേഡ‌് ലഭിച്ച രണ്ട‌് സർക്കാർ കോളേജുകളിൽ ഒന്നാണ‌് മടപ്പള്ളി. തിരുവനന്തപുരം യൂണിവേഴ‌്സ‌ിറ്റി കോളേജ‌ാണ‌് രണ്ടാമത്തേത‌്. 
കോളേജിന്റെ വികസന പാതയിൽ നാഴികക്കല്ലാകുന്നതാണ്‌ ഈ നേട്ടം. ജൂൺ 20, 21 തീയതികളിലാണ്‌ കാൺപൂർ ഛത്രപതി സാഹുജി മഹാരാജ്‌ സർവകലാശാല വൈസ്‌ ചാൻസലർ പ്രൊഫ. ഡോ. നീലിമ ഗുപ്‌ത, അരുണാചൽ പ്രദേശ്‌ ഗവ. കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സഞ്‌ജു ഗാണ്ഡു, തമിഴ്‌നാട്ടിലെ മനോന്മണിയം സുന്ദരനാർ സർവകലാശാലയിലെ ഡോ. തിലകം എന്നിവരടങ്ങിയ സംഘമാണ‌് കോളേജ്‌ സന്ദർശിച്ചത്‌. 
കോളേജിലെ പാഠ്യപദ്ധതി, ഭൗതിക സാഹചര്യം, ഗവേഷണം, വിദ്യാർഥി പ്രവർത്തനം, സമൂഹവുമായി കോളേജിനുള്ള ബന്ധം എന്നിവയിലെ മികച്ച പ്രവർത്തനം പരിഗണിച്ചാണ്‌ എ ഗ്രേഡ്‌ നൽകിയത‌്. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അധ്യാപക‐അനധ്യാപക വിഭാഗങ്ങളുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ‌് ഈ നേട്ടം കൈവരിക്കാനായത‌്. 
 ഓരോ വർഷവും നെറ്റ്‌ യോഗ്യത നേടുന്നതും സർവകലാശാലാ പരീക്ഷകളിൽ റാങ്കുകൾ നേടുന്നവരും നിരവധിയാണ‌്.  ഐഐടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുമുണ്ട‌്. 
വൈസ്‌ പ്രിൻസിപ്പൽ ഒ കെ ഉദയകുമാർ,  പ്രൊഫ. ഒ കെ വിനോദൻ നാവത്ത്‌, പി എസ്‌ ജിനീഷ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top