04 August Wednesday

ബെൽ, ബഞ്ച്‌, ചോക്ക്‌, ഡസ്‌റ്റർ... ജീവനുള്ള ഓർമ്മകൾ

സ്വന്തം ലേഖികUpdated: Thursday Jun 17, 2021
കോഴിക്കോട്‌ 
 സ്‌കൂളിന്‌ ജീവനുണ്ടെന്ന്‌ കാണിച്ചു തരികയാണ്‌ ഈ ദൃശ്യങ്ങൾ. നാല്‌ ചുവരുകൾക്കപ്പുറം   സൗഹൃദം, സ്‌നേഹം, പൊട്ടിച്ചിരികൾ, കുഞ്ഞു പിണക്കങ്ങൾ, ചൂരൽ, സമരങ്ങൾ, മത്സരങ്ങൾ, ഡസ്‌റ്റർ, മരബെഞ്ച്‌...  ഇവയെല്ലാം കുട്ടിക്കാലത്തെ ജീവന്റെ ഭാഗായിരുന്ന ഓർമകളിലേക്ക്‌ നമ്മളെ കൊണ്ട്‌പോകുകയാണ്‌  ദൃശ്യങ്ങൾ.  - മിമിക്രി താരവും നടനുമായ പന്തീരാങ്കാവ്‌ മുണ്ടുപാലം സ്വദേശി ദേവരാജ്‌ ദേവ്‌ ഒരുക്കിയ ‘ഉസ്‌കൂൾ’.  ‘അവസ്ഥ ദി സിറ്റുവേഷൻ’ എന്ന വെബ്‌ സീരീസിലെ 38ാം എപ്പിസോഡാണിത്‌. 
വെള്ളിപറമ്പ്‌ ഗവ. എൽപി സ്‌കൂളിന്റെ  പശ്‌ചാത്തലത്തിൽ ഒരുക്കിയ ഏഴരമിനിറ്റുള്ള വീഡിയോയിൽ  ജീവിതത്തിലെ മനോഹര കാലഘട്ടം കാട്ടിത്തരികയാണ്‌. ബെൽ, ബഞ്ച്‌, ചോക്ക്‌, ഡസ്‌റ്റർ, പൈപ്പ്‌, മതിൽ, രജിസ്‌റ്റർ, കഞ്ഞിപ്പുര, കൊടിമരം, എന്തിന്‌ ഗേറ്റ്‌ വരെ കഥാപാത്രങ്ങളാകുന്നു. ക്ലാസ്‌മുറികളിലെ ശൂന്യത നർമത്തിന്റെയും അൽപ്പം വേദനയുടെയും മേമ്പൊടിയിൽ ചിത്രീകരിച്ചിരിക്കുന്നു.   ‘കുഞ്ഞുമക്കൾ ഒച്ചപ്പാടും കളിചിരികളുമായി സ്‌കൂളിലേക്ക്‌ തിരികെയെത്തുന്ന കാലം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ്‌ വീഡിയോ അവസാനിക്കുന്നത്‌. 
മനോഹരമായ വിദ്യാഭ്യാസകാലം കോവിഡ്‌മൂലം നഷ്ടമാകുന്നു എന്ന ചിന്തയാണ്‌ ‘ഉസ്‌കൂളി’ന്റെ പിറവിയിലേക്ക്‌ എത്തിച്ചതെന്ന്‌ ദേവരാജ്‌ ദേവ്‌ പറഞ്ഞു. സ്‌റ്റേജ്‌ഷോകളും സിനിമകളും ഇല്ലാത്തതിനാൽ ലോക്‌ഡൗൺകാലത്ത്‌  അവസ്ഥ വെബ്‌സീരീസ്‌ തുടങ്ങി. ഡയലോഗുകളെല്ലാം മൊബൈൽ വഴിയാണ്‌ റെക്കോർഡ്‌ ചെയ്‌തത്‌.  
മില്ലേനിയമാണ്‌ നിർമാണ പിന്തുണ. അഷറഫ്‌ പാലാഴി ക്യാമറ ഒരുക്കി. പ്രദീപ്‌ ബാലൻ, സി ടി കബീർ, തുളസി കല്ലേരി എന്നിവരാണ്‌ ക്രിയേറ്റീവ്‌ ടീം അംഗങ്ങൾ. നൗഷാദ്‌ ഇബ്രാഹിം, ഉമേഷ്‌ പന്തീരാങ്കാവ്‌,  പി എം സംഗീത്‌, നിധിൻ ഹരിദാസ്‌, ഷിജിത്ത്‌ മണവാളൻ, സുധി ഒളവണ്ണ, പ്രബിജ, ജിൽഷ, ദേവത, അവിനാഷ്‌ എന്നിവരും ശബ്ദ സാന്നിധ്യമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top