04 August Wednesday

ശാന്തകുമാറിന്‌ നാടിന്റെ ആദരാഞ്‌ജലി

സ്വന്തം ലേഖികUpdated: Thursday Jun 17, 2021
കോഴിക്കോട്‌
അകാലത്തിൽ യാത്രയായ അരങ്ങിന്റെ പ്രതിഭ എ ശാന്തകുമാറിന്‌ നാടിന്റെയും നാടകലോകത്തിന്റെയും ആദരം. കോഴിക്കോട്ടെ നാടക വേദികളെ സമ്പന്നമാക്കിയ നാടകകൃത്തിന്റെ വിയോഗം ആസ്വാദകർക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇനിയും  വിശ്വസിക്കാനാവാത്ത നഷ്‌ടം. ബുധനാഴ്‌ച വൈകിട്ട്‌ ഗവ. മെഡിക്കൽ കോളേജിൽനിന്നും ജീവിതത്തോട്‌ വിടപറയുമ്പോൾ യാത്രയാക്കാനാവാത്ത സർഗ സ്‌മരണകളുടെ നൊമ്പരത്തിലായിരുന്നു പ്രിയപ്പെട്ടവർ. 
കോവിഡ്‌ കാലത്തിന്റെ പരിമിതികൾ നിലനിൽക്കുന്നതിനാൽ അവസാനമായി ഒന്ന്‌ കാണാനാകാത്ത നിരവധിപേർ ആ പ്രതിഭ‌ക്ക്‌ മനസ്സുകൊണ്ട്‌ ആദരാഞ്‌ജലി അർപ്പിച്ചു. വൈകിട്ട്‌ മുതൽ  സോഷ്യൽ മീഡിയയിലാകെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിറഞ്ഞു. മറക്കാനാവാത്ത ഓർമകൾ  പങ്കുവച്ചവർക്കെല്ലാം  ഞെട്ടലുണ്ടാക്കുന്നതായിരുന്നു മരണം. ദിവസങ്ങൾക്കുമുമ്പ്‌‌ ഹെമറ്റോളജി വാർഡിൽനിന്നും അദ്ദേഹം ഫേസ്‌ ബുക്കിൽ കുറിച്ച വാക്കുകളും നൊമ്പരമുണർത്തി. തന്റെ നാടകത്തിന്റെ കഥാകൃത്ത്‌ ദമയന്തി തന്റെ അരികിൽ വന്നതായുള്ള സ്വപ്‌നങ്ങളെ കുറിച്ചായിരുന്നു കുറിപ്പ്‌.  അന്തിമ വിധി എന്തായാലും നാടകകാരനായിത്തന്നെ പുനർജനിക്കണമെന്ന മറ്റൊരു കുറിപ്പിലെ വരികളിലുണ്ട്‌ അരങ്ങിന്റെ കൊടുങ്കാറ്റായ ശാന്തകുമാറിന്റെ ജീവനും ജീവിതവും സ്വപ്‌നങ്ങളും. 
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ്‌ സോഷ്യൽ മീഡിയയിലൂടെ  അന്ത്യാഞ്‌ജലി അർപ്പിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, നേതാക്കൾ, സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി   എന്നിങ്ങനെ നിരവധിയാളുകൾ അരങ്ങിന്റെ വിസ്‌മയത്തിന്‌ പ്രണാമം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top