04 August Wednesday

കിനാവിൽ നാടകീയത നിറച്ചവൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

കോഴിക്കോട്‌ 

 പ്രണയവും കണ്ണീരും കിനാവും അമർഷവും ഉന്മാദവുമായി ജീവിതത്തിന്റെ സമസ്‌ത ഭാവങ്ങൾ  അരങ്ങിലെത്തിച്ച നാടകപ്രതിഭയായിരുന്നു ശാന്തകുമാർ.   കെ ടി മുഹമ്മദും പി എം താജും പെരുമ നൽകിയ കോഴിക്കോടൻ രംഗവേദിക്ക്‌ പുതിയ അരങ്ങുകൾ പകർന്ന കരുത്തനായ പിൻഗാമി. ജീവിതഗന്ധിയാർന്ന രാഷ്ട്രീയ പതാക പാറിച്ച കലാകാരൻ. കുള്ളനും വേശ്യയും കള്ളനും തെങ്ങുകയറ്റക്കാരനും കള്ളുകുടിയനും രാഷ്ട്രീയക്കാരനുമായി പരിസരവാസികളെല്ലാവരും ശാന്തന്റെ പേനയിലൂടെ അരങ്ങിലെത്തി. 
സാംസ്‌കാരിക –-രാഷ്ട്രീയ പ്രവർത്തകനായ എ സോമൻ മാഷിന്റെ അനുജൻ,  ഏട്ടനെപ്പോലെ എന്നും പുരോഗമന രാഷ്ട്രീയത്തോടുള്ള പ്രതിപത്തി മറച്ചുവെച്ചതേയില്ല.  കലാസമിതികളും ക്യാമ്പസുകളും കൊണ്ടാടിയതായിരുന്നു ശാന്തന്റെ  നാടകങ്ങൾ. ഇടങ്കാലൻ ഫുട്‌ബോളർ ആണ്ടിയേട്ടന്റെ കഥപറയുന്ന ‘ചരിത്രസന്ധിയിൽ ആണ്ടിയേട്ടൻ’, സ്‌ത്രീത്വത്തിന്റെ തീവ്രത വിളംബരംചെയ്യുന്ന  ‘ഫാക്ടറി’, പെണ്ണല്ല ആണാണ്‌ പിഴയെന്ന്‌ വിധിക്കുന്ന ‘ഒറ്റരാത്രിയുടെ കാമുകി’, ആഗോളവൽക്കരണത്തിന്റെ ഭീഷണ രാഷ്ട്രീയം ഗ്രാമീണമായ തനിമയിൽ പറഞ്ഞുതരുന്ന ‘എന്റെ പുള്ളിപ്പയ്യ്‌ കരയണ്‌’, വാർധക്യത്തിന്റെ സങ്കടാവിഷ്‌കാരമായ ‘ഏകാകിനി’, സദാചാരബോധത്തെ കളിയാക്കുന്ന ‘സുഖനിദ്രയിലേക്ക്‌’...ഇങ്ങനെ അനുഭൂതിയും അനുഭവവുമാക്കിയ രംഗഭാഷ്യങ്ങൾ.   
അബുദാബി ശക്തി അവാർഡ്‌, തോപ്പിൽ ഭാസി പുരസ്‌കാരം, ബാലൻ കെ നായർ പുരസ്‌കാരം, ഇടശേരി പുരസ്‌കാരം, പവനൻ അവാർഡ്‌, പി എം താജ്‌ അവാർഡ്‌ ... പറമ്പിൽ ബസാറിലെ വീട്ടിൽ തിളങ്ങുന്ന  ഈ ബഹുമതികൾ വിളംബരം ചെയ്യുന്നത്‌  ശാന്തൻ മലയാള നാടക ലോകത്തിന്‌ ആരായിരുന്നു എന്നാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top