04 August Wednesday

ഇ സഞ്ജീവനി ടെലി മെഡിസിൻ ദിവസം ചികിത്സതേടുന്നത്‌ 2000 പേർ

സ്വന്തം ലേഖകൻUpdated: Thursday Jun 17, 2021
കോഴിക്കോട്  
ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി രോഗപ്പകർച്ച ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഇ–-സഞ്ജീവനി ടെലി മെഡിസിന്‌ വൻ സ്വീകാര്യത.  സംസ്ഥാനത്ത്‌  ടെലി മെഡിസിൻ  സാധ്യത ദിവസവും 1500നും 2000ത്തിനും  ഇടയിൽ രോഗികൾ പ്രയോജനപ്പെടുത്തുന്നതായാണ്‌ കണക്ക്‌. ഒരുവർഷത്തിനിടെ  1,73,950 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി.  2020 ജൂൺ 10നാണ് സംസ്ഥാനത്ത്‌  ഇ–-സഞ്ജീവനി ടെലി മെഡിസിന്‌ തുടക്കമിട്ടത്. രോഗിക്ക് ഓൺലൈൻ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ഡോക്ടറെ കണ്ട്‌  സംസാരിച്ച്‌  ചികിത്സ തേടാമെന്നതാണ്‌  ഇതിന്റെ  പ്രത്യേകത.  കോവിഡ്‌  പ്രതിസന്ധിയുടെ കാലത്ത്‌  രോഗികൾക്ക്‌ ആശ്വാസമായ പദ്ധതിയാണിത്‌. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 2423 ഡോക്ടർമാരാണ് ഇ –-സഞ്ജീവനിയിൽ സേവനങ്ങൾ നൽകുന്നത്.  
ജനറലിന്‌ പുറമെ അനവധി സ്‌പെഷ്യാലിറ്റി ഒപികളുമായി വിപുലമായ സേവനങ്ങളാണ് ഇതിലൂടെ  ലഭ്യമാകുന്നത്.  ആശുപത്രിയിൽ നേരിട്ടെത്തി തുടർചികിത്സ നടത്തുന്നവർക്കും ടെലി മെഡിസിൻ സേവനം ഉപയോഗിക്കാം. കോവിഡ് ഒ പി സേവനം 24 മണിക്കൂറും ലഭ്യമാണ്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഒന്ന്‌ വരെ പ്രവർത്തിക്കുന്നുണ്ട്‌. 
  ഇ സഞ്ജീവനി ടെലി മെഡിസിൻ സേവനം ഉപയോഗപ്പെടുത്താൻ https://esanjee vaniopd.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ഇ സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.  
 കോവിഡാനന്തര മാനസിക പ്രയാസങ്ങൾക്ക്‌ പരിഹാരമായി   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്‌ ന്യൂറോ സയൻസുമായി( ഇംഹാൻസ്‌) സഹകരിച്ച്‌ മാനസികവിഷമങ്ങൾക്കുള്ള പരിശോധനയും ചികിത്സയും കൂടി ആരംഭിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top