04 August Wednesday

മൂന്നാം തരംഗത്തിനേയും നേരിടാൻ ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Thursday Jun 17, 2021
കോഴിക്കോട് 
കോവിഡിന്റെ മൂന്നാംഘട്ടത്തെ നേരിടാൻ ജില്ലയിലെ ആരോഗ്യരംഗം  ഒരുങ്ങി.  പരിശീലനങ്ങൾ നൽകിയും  ജീവനക്കാരെ ക്രമീകരിച്ചും സമഗ്രമായ ഒരുക്കമാണ്‌ നടക്കുന്നത്‌.    മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ  സമഗ്രതലത്തിലുള്ള സജ്ജീകരണങ്ങളാണ്‌  നടത്തുന്നത്‌.   മൂന്നാം തരംഗം മുഖ്യമായും കുട്ടികളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ സുരക്ഷയ്ക്ക്‌  പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്‌.  രണ്ടാം തരംഗത്തെ നേരിടുന്നതിൽ മാതൃകാ പ്രവർത്തനം  നടത്തിയ ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ മുഖ്യമന്ത്രി അനുമോദിച്ചിരുന്നു.   കോവിഡ്‌  പ്രതിരോധ പ്രവർത്തനത്തിനായി ജില്ലാ ഭരണകേന്ദ്രം സ്വീകരിച്ച നടപടികളും മറ്റ്‌ ജില്ലകൾക്ക്‌ മാതൃകയാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.  ഇതിൽ പ്രചോദിതരായ പ്രവർത്തകരാണ്‌ മൂന്നാം തരംഗത്തെ നേരിടാൻ വിവിധ പദ്ധതി തയ്യാറാക്കിയത്‌. 
കുട്ടികളിലെ രോഗം സങ്കീർണമാകുന്ന ഘട്ടത്തിൽ ചികിത്സിക്കാൻ ഘട്ടം ഘട്ടമായി 200 കിടക്കകൾ ഒരുക്കും.  45 വെന്റിലേറ്റർ പോർട്ടുകൾ സജ്ജീകരിക്കാനുള്ള നടപടിക്രമം  തുടങ്ങിക്കഴിഞ്ഞു. ഐസിയു കിടക്കകളുടെയും ഓക്സിജൻ സൗകര്യമുള്ള കിടക്കകളുടെയും എണ്ണം വർധിപ്പിക്കും. നിലവിൽ 275 ഓക്സിജൻ കിടക്കകളാണ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലുള്ളത്.  
വൈറസ് കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഫലപ്രദമായി നേരിടാൻ  നേഴ്സുമാർക്കും ഡോക്ടർമാർക്കുമായി ഒരുക്കിയ ആറു ദിവസത്തെ   പരിശീലനം പൂർത്തിയായി. പീഡിയാട്രിക് ഐസിയു, ന്യൂ ബോൺ ഐസിയു, ലേബർ റൂം എന്നിവിടങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകളോടെയായിരുന്നു പരിശീലനം.   21 പേരുൾപ്പെട്ടതായിരുന്നു ആദ്യബാച്ച്. തൊട്ടടുത്ത  ബാച്ചിനുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു.  ഗൈനക്കോളജിസ്റ്റുകൾക്കുള്ള ഏകദിന പരിശീലനവും ആരംഭിച്ചു.    
കോവിഡ് ബാധിതരാവുന്ന കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അവർക്കായി ആശുപത്രികളിൽ  ശിശുസൗഹൃദ വാർഡുകൾ ഒരുക്കണമെന്ന ആശയം കഴിഞ്ഞ ദിവസം കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഐഎംസിഎച്ച് അധികൃതർ ആവശ്യപ്പെട്ടിരുന്നു.  ആരോഗ്യ പ്രവർത്തകരുടെ സേവനം വിപുലീകരിച്ച്   രോഗത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ മുഴുവൻ ആശുപത്രികളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top