04 August Wednesday

പൊതുമരാമത്ത് പ്രവൃത്തികളില്‍ 
ജനാഭിപ്രായം പരിഗണിക്കും: 
മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 കോഴിക്കോട്‌

 സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ തുടങ്ങി പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി പ്രവർത്തനങ്ങളിൽ  പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കുമെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്.   പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് എംഎൽഎ മാരുമായി കലക്ടറേറ്റിൽ ഓൺലൈൻ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
  റോഡുകൾ, പാലങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികളും നിർദേശങ്ങളും  നേരിട്ട് പൊതുമരാമത്ത് വകുപ്പിൽ അറിയിക്കാനുള്ള അവസരം  ഓരോ വ്യക്തിക്കും ലഭിക്കും.  പൊതുമരാമത്ത് സ്ഥലം കൈയേറുന്ന പ്രവണത സംസ്ഥാനത്തൊട്ടാകെ കാണുന്നുണ്ട്. വകുപ്പിന്റെ കൈവശമുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 
ദേശീയപാതയിൽ നല്ലളം ഭാഗത്ത് റോഡരികിലെ പഴയ  ബസ്സുകൾ മാറ്റി ക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഇവിടം വൃത്തിയാക്കി  പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ കംഫർട്ട് സ്റ്റേഷനും നടപ്പാതയും നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു. 
  ചിലയിടങ്ങളിൽ കരാറുകാരുടെ അനാസ്ഥ കാരണം പ്രവൃത്തികൾ പലതും കാലതാമസം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശനമായ നടപടിയെടുക്കും. 
 ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകും. കേരളത്തിൽ ഹെൽത്ത് ടൂറിസത്തിന് സാധ്യതയേറെയാണ്‌. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top