04 August Wednesday

അലംഭാവം കാണിക്കുന്ന 
കരാറുകാര്‍ക്കെതിരെ 
നടപടി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 

കോഴിക്കോട്‌
ഏറ്റെടുത്ത പൊതുമരാമത്ത് പ്രവൃത്തികളിൽ അലംഭാവം കാണിക്കുന്ന കരാറുകാർക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 
ജില്ലയിൽ റോഡ്, കിഫ്ബി, പാലം, ദേശീയപാത വിഭാഗങ്ങളിൽപെടുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റിൽ ഓൺലൈനായി വിളിച്ച എംഎൽമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  ജില്ലയിലെ പല പ്രവൃത്തികളിലും പൂർത്തീകരണത്തിന് സമയപരിധി നീട്ടിക്കൊടുത്തത് സംബന്ധിച്ച് വ്യാപകമായ പരാതി ലഭിക്കുന്നുണ്ട്.  സൈറ്റുകളിൽ പരിശോധന നടത്തി ഉദ്യോഗസ്ഥർ ഫലപ്രദമായി ഇടപെടണം.  
 കുറ്റ്യാടി ബൈപാസ് നിർമാണത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കും. കുറ്റ്യാടി ചുരം പുനർനിർമാണം ഗൗരവമായി പരിഗണിക്കും. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം.  കിഫ്ബി പ്രവൃത്തികൾ നിർദിഷ്ട സമയത്ത് പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതികൾക്ക് സാങ്കേതിക അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തരുത്. പരമാവധി ഫയലുകൾ ഇ-–-ഫയലുകളാക്കി അന്നന്ന് തീർപ്പാക്കണം. സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കണം.   
മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കലക്ടർ സാംബശിവ റാവു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടറേറ്റിൽനിന്നും എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്, പിടിഎ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ഇ കെ വിജയൻ, കെ കെ രമ, കെ പി കുഞ്ഞമ്മദ്കുട്ടി , ലിന്റോ ജോസഫ്, എം കെ മുനീർ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top