17 August Saturday

വോട്ടവകാശം ബോധ്യപ്പെടുത്തി ഓട്ടംതുള്ളൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 

കോഴിക്കോട് 
ഉത്തമ പൗരന്മാരാകാൻ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിളംബരം ചെയ്ത് വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ ഓട്ടംതുള്ളൽ അവതരണവുമായി ജില്ലാ ഭരണവിഭാഗം. സ‌്‌വീപിന്റെ നേതൃത്വത്തിലാണ് നഗരത്തിൽ വിവിധയിടങ്ങളിൽ ഓട്ടംതുള്ളൽ സംഘടിപ്പിച്ചത്. ബാലുശേരി സ്വദേശി മഞ്ഞപ്പാലം തറോൽ സുരേഷ്ബാബു ഓട്ടംതുള്ളൽ അവതരിപ്പിച്ചു. 
നാടിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടത് എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് തീയതിയും ഓർമിപ്പിച്ചാണ് ഓട്ടംതുള്ളൽ ആരംഭിക്കുന്നത്. ഭിന്നശേഷിക്കാർക്കും വയോധികർക്കും വോട്ടുചെയ്യാൻ വാഹനമടക്കം ഏർപ്പെടുത്തിയതും ട്രാൻസ്ജൻഡേഴ്സ് വോട്ടു രേഖപ്പെടുത്തുന്നതുമെല്ലാം സരസമായി അവതരിപ്പിച്ചാണ് കലാവതരണം. ജനാധിപത്യം സംരക്ഷിക്കാൻ നമുക്ക് പോളിങ് ബൂത്തിലേക്ക് പോകാമെന്ന ആഹ്വാനത്തോടെ 10 മിനിറ്റുള്ള ഓട്ടംതുള്ളൽ അവസാനിക്കുന്നു. 
കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് സി സ്മിത, രാധാകൃഷ്ണൻ ബാലുശേരി, രാമൻകുട്ടി എന്നിവർ ചേർന്നാണ് ഓട്ടംതുള്ളൽ തയ്യാറാക്കിയത്. കിഡ്സൺ കോർണർ, ബീച്ച്, പുതിയ ബസ‌്സ്റ്റാൻഡ‌് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കലാവതരണം നടന്നത്.
പ്രധാന വാർത്തകൾ
 Top