19 May Sunday

എലിപ്പനി തടയാൻ കോർപറേഷൻ: എലിവിഷം വീടുകളിലെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 

കോഴിക്കോട‌്
ജലജന്യരോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും എലിവിഷം വിതരണംചെയ്യുന്നു. 1,05,000 പാക്കറ്റ‌് എലിവിഷമാണ‌് തയ്യാറാക്കിയത‌്. അടുത്ത ദിവസം മുതൽ ഹെൽത്ത‌് ഇൻസ‌്പെക്ടർമാർ വീടുകളിലും സ്ഥാപനങ്ങളിലും ഇവ വിതരണം ചെയ്യും. പ്രളയശേഷം എലിപ്പനി പടർന്ന‌ുപിടിച്ച പശ‌്ചാത്തലത്തിലാണ‌് മുൻകരുതലായി ഈ നടപടി കൈക്കൊള്ളുന്നത‌്. 
15 ലക്ഷം രൂപ വകയിരുത്തിയാണ‌് വെയർഹൗസിങ‌് കോർപറേഷൻ മുഖേന എലിവിഷം വാങ്ങിച്ചത‌്. മെയ‌് നാലിനാണ‌് ഇത‌്  എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വയ‌്ക്കേണ്ടത‌്.  ഒറ്റ ദിവസം ഒരുമിച്ച‌് വച്ചാലേ  പ്രയോജനമുണ്ടാകൂ. 50 ഗ്രാമിന്റെ വിഷം പൊട്ടിച്ച് കഴിഞ്ഞാൽ അന്നുതന്നെ ഉപയോഗിക്കണം. പൊട്ടിച്ച് പൊടി തുല്യമായി അഞ്ച‌് ഭാഗമായി ന്യൂസ‌് പേപ്പറിൽ പൊതിഞ്ഞാണ് വയ‌്ക്കേണ്ടത്. ചുമരുകൾക്ക് അരികിലൂടെയാണ് സാധാരണ ഗതിയിൽ എലിയുടെ സഞ്ചാരപാത. ഈ സ്ഥലത്താണ്  പേപ്പറിൽ പൊതിഞ്ഞ എലിവിഷപ്പൊതി സൂക്ഷിക്കേണ്ടത്. നനയാനും പാടില്ല. പൊട്ടിക്കാത്ത പാക്കറ്റിന്റെ കാലാവധി മൂന്ന‌ുമാസമാണ‌്.  മെയ‌് നാലിലെ കൂട്ടായ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്ന‌് കോർപറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു.
പ്രധാന വാർത്തകൾ
 Top